പോലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘം: സതീശൻ
Friday, June 28, 2024 12:19 PM IST
തിരുവനന്തപുരം: മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ് ഉന്നത സിപിഎം നേതാക്കൾക്കെതിരേ നടത്തിയ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മനു തോമസ് ആരോപണം ഉന്നയിച്ച എം. ഷാജറിന് സിപിഎം യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനം നൽകി. ക്വട്ടേഷൻ സംഘങ്ങളുടെയും മയക്കുമരുന്നു സംഘങ്ങളുടെയും സംരക്ഷകരായി സിപിഎം മാറിയെന്നും അദ്ദേഹം പറഞ്ഞു.
മനു തോമസിന്റെ വെളിപ്പെടുത്തലിലൂടെ പ്രതിപക്ഷം പറയുന്ന കാര്യങ്ങൾ സത്യമാണെന്ന് അടിവരയിടുകയാണ്. മനുവിനെ ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള ഗുണ്ടാ സംഘങ്ങൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു. അധോലോക സംഘങ്ങളുടെയും ക്വട്ടേഷൻ സംഘങ്ങളുടെയും സംരക്ഷകരായി സിപിഎം മാറി.
സംസ്ഥാനത്തെ ക്വട്ടേഷൻ, സ്വർണക്കടത്ത് സംഘങ്ങളെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണം. സർക്കാരിനും പാർട്ടിക്കുമെതിരെയുള്ള വിഷയങ്ങൾ സഭയിൽ ഉന്നയിക്കാൻ സ്പീക്കർ അനുവദിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
അധോലോക സംഘങ്ങൾക്ക് മുഴുവൻ ഇടതുഭരണം കുടപിടിച്ചു കൊടുക്കുകയാണ്. പോലീസ് എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ്. സിപിഎം സൈബർ ഹാൻഡിലുകൾ പരസ്പരം പോരടിക്കുകയാണ്. കേരളം ഭരിക്കുന്ന പാർട്ടിയുടെ തനിനിറമാണ് പുറത്തായത്. ടി.പി കേസ് പ്രതികൾ സിപിഎമ്മിനെ ബ്ലാക്ക്മെയിൽ ചെയ്തുകൊണ്ടിരിക്കുന്നുവെന്നും സതീശൻ പറഞ്ഞു.
ഉന്നത സിപിഎം നേതാവ് പി. ജയരാജനെതിരേ മനു തോമസ് നടത്തിയ വെളിപ്പെടുത്തലുകളെക്കുറിച്ച് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കർ തള്ളി. തുടർന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തിയ ശേഷം അദ്ദേഹം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
പി. ജയരാജനും മകനുമെതിരെ ഉയർത്തിയിരിക്കുന്നത് വലിയ വെളിപ്പെടുത്തലുകളാണ്. മനു തോമസിന് ഇപ്പോൾ ജീവന് ഭീഷണിയുണ്ട്. മയക്കുമരുന്ന് കേസുകളിലെ പ്രതികളാണ് ഭീഷണിയുമായി വരുന്നത്.
ആരോപണമുന്നയിക്കുന്നത് വെറും സാധാരണക്കാരനല്ലെന്നും സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ആളാണെന്നും ക്വട്ടേഷൻ നേതാവ് ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിച്ചയാളാണ് യുവജന കമ്മീഷൻ അധ്യക്ഷനെന്നും സതീശൻ കൂട്ടിച്ചേർത്തു.