കൊക്കെയ്ൻ കടത്താൻ ശ്രമിച്ച കേസ്; ടാന്‍സാനിയന്‍ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
Wednesday, June 26, 2024 5:31 AM IST
കൊച്ചി: 30 കോടിയുടെ കൊക്കെയ്ൻ കൊച്ചിയിൽ എത്തിച്ച കേസില്‍ ടാന്‍സാനിയന്‍ യുവതിയുടെ അറസ്റ്റ് ഡിആര്‍ഐ രേഖപ്പെടുത്തി. ടാന്‍സാനിയക്കാരി വെറോനിക്ക അഡ്രഹെലം നിഡുങ്കുരുവിന്റെ അറസ്റ്റാണ് ഡിആര്‍ഐ രേഖപ്പെടുത്തിയത്.
ക്യാപ്സൂള്‍ രൂപത്തില്‍ വിഴുങ്ങിയ നിലയിലായിരുന്നു ഇവർ കൊക്കെയ്ൻ കടത്താൻ ശ്രമിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന യുവതിയുടെ വയറ്റില്‍ നിന്ന് 90 കൊക്കൈൻ ക്യാപ്സൂളുകളാണ് കണ്ടെത്തിയത്.
വെറോനിക്കയുടെ വയറ്റിലുണ്ടായിരുന്ന കൊക്കെയ്ന്‍ പൂര്‍ണമായും പുറത്തെടുക്കാന്‍ കഴിയാതിരുന്നതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തല്‍ വൈകിയത്. സഹയാത്രികനായിരുന്ന ടാന്‍സാനിയന്‍ പൗരന് ഒമരിയില്‍ നിന്ന് 19 കോടി രൂപ വിലവരുന്ന 1945 ഗ്രാം കൊക്കെയ്നാണ് കണ്ടെത്തിയത്. ഇയാളുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞയാഴ്ച നെടുമ്പാശേരി വിമാനത്താവളം വഴിയാണ് ഇവർ കൊക്കെയ്ൻ കടത്താൻ ശ്രമിച്ചത്. സംശയം തോന്നി ഇവരെ ഡിആര്‍ഐ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ സ്കാനിംഗിലാണ് വയറിനുളളില്‍ കൊക്കെയ്ന്‍ ക്യാപ്സൂളുകള് ഒളിപ്പിച്ചതായി കണ്ടെത്തിയത്.