വ്യാജ മദ്യം കുടിച്ചു മരിച്ചവർക്ക് എന്തിനാണ് ധനസഹായം; കള്ളാക്കുറിച്ചി സംഭവത്തിൽ നടി കസ്തൂരി
Saturday, June 22, 2024 3:01 PM IST
ചെന്നൈ: കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബത്തിന് സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിനെതിരെ നടി കസ്തൂരി.
സ്വന്തം കുടുംബത്തെ നോക്കാതെ വ്യാജ മദ്യം കുടിച്ചു മരിച്ച സംഭവത്തിൽ എന്തിനാണ് ധന സഹായം നൽകുന്നതെന്ന് നടി സമൂഹമാധ്യമത്തിലൂടെ ചോദിച്ചു. പത്തുലക്ഷം രൂപയാണ് മരിച്ചവരുടെ കുടുംബത്തിന് സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്.
പത്തുലക്ഷം, ഏതെങ്കിലും കായികതാരത്തിനോ യുദ്ധത്തിൽ വീരചരമമടഞ്ഞവർക്കോ ശാസ്ത്രജ്ഞനോ കർഷകർക്കോ ആണോ നൽകുന്നത്. കുടുംബത്തെ ഉപേക്ഷിച്ച് കള്ളച്ചാരായം കുടിച്ച് മരിച്ചവർക്കാണീ തുക നൽകുന്നത്. ഈ മോശം ദ്രാവിഡ മോഡലിൽ പത്ത് ലക്ഷം രൂപ സമ്പാദിക്കാൻ അധ്വാനിക്കേണ്ട ആവശ്യമില്ല, നല്ല മദ്യപാനി ആയാൽ മതിയെന്ന് കസ്തൂരി വിമർശിച്ചു.
ദയവായി കുടിക്കരുതെന്ന് മറ്റൊരു പോസ്റ്റിൽ കസ്തൂരി ആവശ്യപ്പെടുന്നു. മദ്യാസക്തി ജീവിതത്തിൽ മാത്രമല്ല, മരണത്തിലും മാന്യത കവർന്നെടുക്കുന്നുവെന്നും കസ്തൂരി അഭിപ്രായപ്പെട്ടു. സ്വന്തം ജീവിതം നശിപ്പിച്ച്, കുടുംബം തകർത്ത്, അന്തസില്ലാത്ത മരണം വരിച്ചു എന്നും അവർ ചിത്രത്തിനൊപ്പം കുറിച്ചു.