ടി.പി വധക്കേസിലെ പ്രതികളെ വിട്ടയയ്ക്കാനുള്ള നീക്കം; കോടതിയെ സമീപിക്കുമെന്ന് കെ.കെ.രമ
Saturday, June 22, 2024 8:59 AM IST
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള സർക്കാർ നീക്കത്തിനെതിരേ വടകര എംഎൽഎ കെ.കെരമ. പ്രതികളെ വിട്ടയയ്ക്കാനുള്ള നീക്കം ഗുരുതരമായ കോടതിയലക്ഷ്യമാണെന്ന് രമ പ്രതികരിച്ചു.
ഇതിനെതിരെ കോടതിയെ സമീപിക്കും. ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും പ്രതിരോധിക്കുമെന്നും രമ പറഞ്ഞു.
ടി.പി കേസിലെ മൂന്ന് പ്രതികളെ വിട്ടയയ്ക്കാനാണ് സർക്കാർ നീക്കം നടത്തുന്നത്. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് ഇത് സംബന്ധിച്ച് പോലീസിന് കത്ത് നൽകിയത്. കേസിലെ പ്രതികളായ ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവർക്കാണ് ശിക്ഷ ഇളവ് നൽകി വിട്ടയക്കാൻ നീക്കം.
ശിക്ഷ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. പ്രതികളുടെ അപ്പീൽ തള്ളിയായിരുന്നു ശിക്ഷ വർധിപ്പിച്ചത്.