പാക്കിസ്ഥാനിൽ മാധ്യമപ്രവർത്തകനെ വെടിവച്ചു കൊന്നു
Wednesday, June 19, 2024 2:01 AM IST
പെഷവാർ: പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ മാധ്യമപ്രവർത്തകൻ വെടിയേറ്റു കൊല്ലപ്പെട്ടു. അജ്ഞാതരായ തോക്കുധാരികളാണ് ആക്രമണം നടത്തിയത്.
"ഖൈബർ ന്യൂസ്' എന്ന പാഷ്തോ ന്യൂസ് ചാനലിലെ ജീവനക്കാരനായ ഖലീൽ ജിബ്രാനെ ഖൈബർ ജില്ലയിലെ മസ്രിന സുൽത്താൻഖേൽ ഏരിയയിലെ വീടിന് സമീപത്തു വച്ചാണ് കൊലപ്പെടുത്തിയത്.
വെടിവയ്പ്പിൽ സാജിദ് എന്നയാൾക്ക് പരിക്കേറ്റു. സംഭവത്തിന് ശേഷം അക്രമികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
മസ്രിന ജില്ലയിലെ ആദിവാസി പ്രദേശം ഭീകരരുടെ താവളമാണ്. മാധ്യമപ്രവർത്തകന്റെ കൊലപാതകത്തെ ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി അലി അമിൻ ഗന്ദപൂർ അപലപിക്കുകയും സംഭവത്തിൽ ഉൾപ്പെട്ടവരെ ഉടൻ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയും ചെയ്തു.
കൊലപാതകത്തെ അപലപിക്കുന്നുവെന്നും അക്രമിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഇലക്ട്രോണിക് മീഡിയ എഡിറ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
മാധ്യമപ്രവർത്തകരുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കും ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്ന് ഖൈബർ യൂണിയൻ ഓഫ് ജേണലിസ്റ്റുകളും പെഷവാർ പ്രസ് ക്ലബ്ബും പ്രവിശ്യാ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.