രാഹുല്‍ ഗാന്ധി ജനാധിപത്യ മര്യാദ കാട്ടിയില്ല: വി. മുരളീധരന്
Tuesday, June 18, 2024 11:42 AM IST
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചതായി മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരന്. പോളിംഗ് കഴിയുന്നതുവരെ റായ്ബറേലിയില്‍ മത്സരിക്കാനുള്ള തീരുമാനം രാഹുല്‍ പുറത്തുവിട്ടില്ല. താന്‍ ജയിച്ചാല്‍ വയനാട്ടിലെ ജനപ്രതിനിധിയായി ഉണ്ടാകുമെന്ന പ്രതീതി സൃഷ്ടിച്ചു.
എന്നാല്‍ വോട്ടിംഗ് കഴിഞ്ഞയുടന്‍, നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം റായ്ബറേലിയില്‍ എത്തി സ്ഥാനാര്‍ഥിയായി. രാഹുല്‍ ഒരുതരത്തിലുള്ള നീതിയും ജനാതിപത്യമര്യാദയും കേരളത്തിലെ ജനങ്ങളോട് കാട്ടിയില്ലെന്ന് അദ്ദേഹം വിമർശിച്ചു.
വിഷയത്തില്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതാക്കന്മാരുടെ അഭിപ്രായം അറിയണമെന്നാഗ്രഹം ഉണ്ടെന്നും മുരളീധരന് പറഞ്ഞു . വരുന്ന തെരഞ്ഞെടുപ്പില്‍ വയനാട്ടുകാര്‍ ഈ നിലപാടിന് തിരിച്ചടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്‍ഡിഎയ്ക്കായി ബിജെപി സ്ഥാനാര്‍ഥി രംഗത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന എഐസിസി നേതാക്കളുടെ യോഗത്തിന് ശേഷമാണ് രാഹുല്‍ റായ്ബറേലി നിലനിര്‍ത്തി വയനാട് ഒഴിയുന്ന കാര്യം പ്രഖ്യാപിച്ചത്. രാഹുൽ ഗാന്ധി ഒഴിഞ്ഞ വയനാട് മണ്ഡലത്തിലെ സ്ഥാനാർഥിയായി പ്രിയങ്ക ഗാന്ധിയാണ് എത്തുക.