പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ
Tuesday, June 18, 2024 2:29 AM IST
നോയിഡ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നോയിഡയിലാണ് സംഭവം. ഇയാൾക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ പോലീസ് ചുമത്തി.
മേയ് 10നാണ് സംഭവം. 16കാരിയായ പെൺകുട്ടിയെ 22കാരനാണ് തട്ടിക്കൊണ്ടുപോയത്. ബന്ധുവിന്റെ വീട്ടിൽ ഗൃഹപ്രവേശം ചടങ്ങിനെത്തിയ പെൺകുട്ടിയെ അയൽവാസിയായ യുവാവ് തട്ടിക്കൊണ്ടുപോവുകയായിരുന്നു.
ഒരാഴ്ചയ്ക്ക് ശേഷം, അയൽവാസിയായ ആശിഷ് ചന്ദ്ര പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് പെൺകുട്ടിയുടെ അമ്മ ലോക്കൽ ഫേസ് മൂന്ന് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്തു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 363 (തട്ടിക്കൊണ്ടുപോകൽ), 366 (വിവാഹത്തിന് നിർബന്ധിക്കാൻ തട്ടിക്കൊണ്ടുപോകൽ), 376 (ബലാത്സംഗം) എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
രഹസ്യവിവരത്തെത്തുടർന്ന് തിങ്കളാഴ്ച പാർഥല റൗണ്ട് എബൗട്ടിന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. യുവാവിനെതിരെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ (പോക്സോ) നിയമത്തിലെ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളും കേസിൽ ചുമത്തിയിട്ടുണ്ടെന്നും പോലീസ് വക്താവ് പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായി പോലീസ് കൂട്ടിച്ചേർത്തു.