പാപ്പുവ ന്യൂ ഗുനിയക്കെതിരെ ന്യൂസിലാൻഡിന് വിജയം; റിക്കാർഡുമായി ഫെര്‍ഗ്യൂസണ്‍
Tuesday, June 18, 2024 1:08 AM IST
ട്രിനിഡാഡ് ആൻഡ് ടൊബാഗോ: ട്വന്റി20 ലോകകപ്പിൽ പാപ്പുവ ന്യു ഗുനിയയ്ക്കെതിരെ ഏഴ് വിക്കറ്റിന്റെ വിജയവുമായി ന്യൂസിലാൻഡ്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പിഎൻജി 78 റൺസിന് ഓൾ ഔട്ടായി. മറുപടി പറഞ്ഞ ന്യൂസിലാൻഡ് 12.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
മൂന്ന് താരങ്ങൾക്ക് മാത്രമാണ് പിഎൻജി നിരയിൽ രണ്ടക്കം കടക്കാനായത്. 17 റൺസുമായി ചാൾസ് അമിനി ടോപ് സ്കോററായി.
പിഎൻജിക്കെതിരെ നാല് ഓവർ എറിഞ്ഞ ന്യൂസിലാൻഡ് പേസർ ലോക്കി ഫെർഗൂസൺ ഒരു റൺസ് പോലും വിട്ടുകൊടുക്കാതെ മൂന്ന് വിക്കറ്റും നേടി റിക്കാർഡിട്ടു. പുരുഷ ട്വന്റി 20 ലോകകപ്പ് ചരിത്രത്തില്‍ നാലോവറും മെയ്ഡനാക്കുന്ന ആദ്യ ബൗളർ എന്ന റിക്കാർഡ് ഫെര്‍ഗ്യൂസണ്‍ സ്വന്തം പേരിൽ കുറിച്ചു.
ട്രെന്റ് ബോൾട്ട്, ഇഷ് സോധി, ടിം സൗത്തി എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. അവശേഷിച്ച ഒരു വിക്കറ്റ് മിച്ചൽ സാന്റർ സ്വന്തമാക്കി.
മറുപടി പറഞ്ഞ ന്യൂസിലാൻഡിന് പതിഞ്ഞ തുടക്കമാണ് ലഭിച്ചത്. റൺസൊന്നുമെടുക്കാതെ ഫിൻ അലനും ആറ് റൺസുമായി രച്ചിൻ രവീന്ദ്രയും പുറത്തായി. ഡെവോൺ കോൺവേ 35 റൺസെടുത്തു. 18 റൺസെടുത്ത് കെയ്ൻ വില്യംസണും 17 റൺസുമായി ഡാരൽ മിച്ചലും പുറത്താകാതെ നിന്നു.