പ്രവാസികളോട് നന്ദിയുണ്ടോ? മനുഷ്യത്വമുണ്ടെങ്കിൽ മുഖ്യമന്ത്രി മരിച്ചവരുടെ വീട്ടിലെത്തുമായിരുന്നു: വി. മുരളീധരൻ
Saturday, June 15, 2024 12:58 PM IST
തിരുവനന്തപുരം: കുവൈറ്റ് ദുരന്തത്തിൽ കേന്ദ്രസർക്കാർ വേണ്ട നടപടികൾ ചെയ്തുവെന്നും വിഷയത്തിൽ ഒരു അടിസ്ഥാനവുമില്ലാതെ കേന്ദ്രസർക്കാരിനെതിരെ മുഖ്യമന്ത്രി പെരുമാറുകയാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ. മനുഷ്യത്വം അല്പമുണ്ടെങ്കിൽ മുഖ്യമന്ത്രി മരിച്ചവരുടെ വീട് സന്ദർശിക്കുമായിരുനെന്നും മുരളീധരൻ വിമർശിച്ചു.
കുവൈറ്റ് തീപിടിത്തത്തിൽ കേന്ദ്രസർക്കാർ ഗൗരവത്തോടെ വേണ്ട നടപടികൾ ചെയ്തു. വിദേശകാര്യ മന്ത്രിയടക്കം സ്ഥലത്തെത്തി. നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്രസർക്കാർ നടപടിയെടുത്തിട്ടുണ്ട്. വിഷയത്തിൽ ഒരു അടിസ്ഥാനവുമില്ലാതെയാണ് കേന്ദ്രസർക്കാരിനെതിരെ മുഖ്യമന്ത്രി പെരുമാറുന്നത്. മനുഷ്യത്വം അല്പമുണ്ടെങ്കിൽ മുഖ്യമന്ത്രി വെള്ളിയാഴ്ച മരിച്ചവരുടെ വീട്ടിൽ എത്തണമായിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കൊപ്പമായിരുന്നു മുഖ്യമന്ത്രി സമയം ചെലവഴിക്കേണ്ടിയിരുന്നതെന്നും വി. മുരളീധരൻ പറഞ്ഞു.
ദുരന്ത പശ്ചാത്തലത്തിൽ പോലും മുഖ്യമന്ത്രി രാഷ്ട്രീയ ലാഭത്തിന് വേണ്ടി കേന്ദ്ര സർക്കാരിനെതിരേ പറയുകയാണ്. പ്രവാസികളോട് എന്തെങ്കിലും നന്ദിയുണ്ടെങ്കിൽ പിണറായി ഇത്തരത്തിൽ വ്യവസായികളെ വിളിച്ച് അത്താഴ വിരുന്ന് നടത്തില്ലായിരുന്നു. പ്രവാസികൾക്ക് എന്ത് ഉപയോഗമാണ് ലോക കേരളസഭ കൊണ്ട് ഉള്ളതെന്നും വി. മുരളീധരന് ചോദിച്ചു.