കത്തുന്ന സൂര്യൻ; ബിഹാറിൽ മൂന്ന് പേർ മരിച്ചു
Friday, June 14, 2024 7:48 PM IST
പാറ്റ്ന: ബിഹാറിലെ നളന്ദയിൽ ചൂടിനെ തുടർന്നു രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. 47 ഡിഗ്രി ചൂടാണ് നളന്ദയിൽ ഇന്ന് രേഖപ്പെടുത്തിയത്. ലക്ഷ്മിണി ദേവി, രാജേന്ദ്ര ലോഹറ, സൗജ ദേവി എന്നിവരാണ് മരിച്ചത്.
ബാബർബന്ന ഗ്രാമത്തിലുള്ള ലക്ഷിമിണി ഡോക്ടറെ കാണാൻ പോകുന്നതിനിടെ റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ഇവരെ സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകുകയും പിന്നീട് മികച്ച ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ചികിത്സയിലിരിക്കെയാണ് ഇവർ മരിച്ചത്.
രാജേന്ദ്ര ലോഹറ കട്രു ബിഘ ഗ്രാമത്തിലെ ഒരു ഇഷ്ടിക ചൂളയിൽ ജോലി ചെയ്യുന്നതിനിടെയാണ് ചൂടിനെ തുടർന്നു മരിച്ചത്. സൗജ മാർക്കറ്റിൽ പോകുന്നതിനിടെ ചൂടിനെ തുടർന്നു തളർന്നു വീഴുകയായിരുന്നു. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനുശേഷം പോലീസ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
കൊടുംചൂടിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ എടുക്കണമെന്നും അത്യാവശ്യ ജോലികൾ ഉണ്ടെങ്കിൽ മാത്രം വീടിനു പുറത്തിറങ്ങണമെന്നും ജില്ലാ ഭരണകൂടം നിർദേശിച്ചു.