എറിഞ്ഞിട്ടു, അടിച്ചെടുത്തു; പപ്പുവ ന്യൂഗിനിയയെ തകർത്ത് അഫ്ഗാൻ സൂപ്പർ എട്ടിൽ
Friday, June 14, 2024 11:55 AM IST
ടറോബ: തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ പ്രവേശിച്ച് അഫ്ഗാനിസ്ഥാന്. ദുർബലരായ പപ്പുവ ന്യൂഗിനിയയെ ഏഴുവിക്കറ്റിനാണ് അഫ്ഗാൻ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പപ്പുവ ന്യൂഗിനിയ ഉയർത്തിയ 96 റൺസ് വിജയലക്ഷ്യം അഫ്ഗാന് 15.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പപ്പുവ ന്യൂഗിനിയയ്ക്ക് വേണ്ടി കിപ്ലിൻ ഡോറിഗ (27), ടോണി ഉറ(11), അലൈ നാവോ(13) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. നായകൻ അസ്സാദ് വാല (മൂന്ന്), ലെഗ സിയാക (പൂജ്യം), സെസെ ബാവു (പൂജ്യം), ഹിരി ഹിരി (ഒന്ന്), ചാഡ് സോപർ (ഒമ്പത്), നോർമൻ വാന്വ (പൂജ്യം), സെമോ കാമി (രണ്ട്) എന്നിവർ ചെറുത്തുനില്പ് കൂടാതെ പുറത്തായി.
16 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ ഫസലുള്ള ഫാറൂഖിയും നാലു റൺസ് വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തിയ നവീന്‍ ഉള് ഹഖുമാണ് പപ്പുവ ബാറ്റിംഗ് നിരയെ തകർത്തത്. നാലു ബാറ്റർമാർ റണ്ണൗട്ടായി.
മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്റെയും തുടക്കം തകർച്ചയോടെയായിരുന്നു. 22 റൺസിനിടെ ഓപ്പണർമാരായ റഹ്മാനുള്ള ഗുർബാസും (11) ഇബ്രാഹിം സദ്രാനും (പൂജ്യം) പുറത്തായി. പിന്നാലെ അസ്മത്തുള്ള ഒമർസായിയും (13) പുറത്തായെങ്കിലും കൂടുതൽ വിക്കറ്റ് നഷ്ടമാകാതെ അഫ്ഗാൻ അതിവേഗം ജയത്തിലെത്തി.
36 പന്തില്‍ 49 റണ്‍സുമായി പുറത്താകാതെ നിന്ന ഗുല്‍ബാദിന്‍ നൈബ് ആണ് അഫ്ഗാന്റെ വിജയം അനായാസമാക്കിയത്. മുഹമ്മദ് നബി 16 റണ്‍സുമായി പുറത്താകാതെ നിന്നു. പപ്പുവ ന്യൂഗിനിയയ്ക്കു വേണ്ടി അലെയ് നാവോ, സെമോ കാമി, നോർമൻ വാന്വ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
തുടര്‍ച്ചയായ മൂന്നാം ജയത്തോടെ അഫ്ഗാനിസ്ഥാന് ആതിഥേയരായ വെസ്റ്റ് ഇൻഡീസിനൊപ്പം സി ഗ്രൂപ്പില്‍ നിന്ന് സൂപ്പര്‍ എട്ടില്‍ എത്തുന്ന രണ്ടാമത്തെ ടീമായി. അവസാന പോരാട്ടത്തില്‍ വിന്‍ഡീസാണ് അഫ്ഗാന്റെ എതിരാളികള്‍. ഇതില്‍ തോറ്റാലും രണ്ടാം സ്ഥാനക്കാരായി അവര്‍ക്ക് മുന്നേറാം.
അതേസമയം, ആദ്യ രണ്ട് കളിയും തോറ്റ കരുത്തരായ ന്യൂസിലന്‍ഡ് സൂപ്പര്‍ എട്ടിൽ എത്താതെ പുറത്തായി. സി ഗ്രൂപ്പില്‍ നിന്ന് ഉഗാണ്ടയും പപ്പുവ ന്യൂഗിനിയയും പുറത്തായിരുന്നു.