കണ്ണൂരിൽ സിപിഎം വോട്ടുകളും ലഭിച്ചുവെന്ന് സതീശൻ
Wednesday, June 12, 2024 1:25 PM IST
തിരുവനന്തപുരം: കണ്ണൂരിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ ജയിക്കാൻ കാരണം സിപിഎം വോട്ടുകൾ കൂടി ലഭിച്ചതു കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ധർമ്മടം, പയ്യന്നൂർ പോലുള്ള സിപിഎം കോട്ടകളിൽ വോട്ടുകൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക് ഒഴുകിയെന്നും സതീശൻ വ്യക്തമാക്കി.
കോൺഗ്രസ് സംഘടനാസംവിധാനം നേരത്തേക്കാൾ പലയിടങ്ങളിലും മെച്ചപ്പെട്ടുവെങ്കിലും എന്തുചെയ്താലും അനങ്ങാത്ത സ്ഥലങ്ങളും സംസ്ഥാനത്തുണ്ട്. രണ്ടുവട്ടം തോറ്റിട്ടും കഴിഞ്ഞ അഞ്ച് വർഷമായി സുരേഷ് ഗോപി തൃശൂർ വിട്ട് പോകാതിരുന്നത് വോട്ടർമാരെ അടുപ്പിച്ചോയെന്ന് പരിശോധിക്കണം.
പറവൂരിൽ തോറ്റപ്പോൾ താനും ഇതുപോലെയാണ് എംഎൽഎ സ്ഥാനത്തേക്ക് എത്തിയത്. കെ.മുരളീധരനുണ്ടെങ്കിലേ കോൺഗ്രസിന്റെ നേതൃത്വം പൂർണാകൂ. ഏതുവിധേനയും മുരളീധരനെ നേതൃത്വത്തിൽ സജീവമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന് പറഞ്ഞ പി.വി.അൻവറിനെ മുഖ്യമന്ത്രി തള്ളിപ്പറയുമെന്നാണ് താൻ പ്രതീക്ഷിച്ചത്. താനായിരുന്നു ആ സ്ഥാനത്തെങ്കിൽ അൻവറിനെ ശാസിച്ചേനെ. അയാൾക്ക് വേണ്ടി മാപ്പ് പറഞ്ഞേനെ. ബിജെപി പോലും പറയാത്ത രീതിയിലാണ് രാഹുൽ ഗാന്ധിക്കെതിരെ പിണറായി സംസാരിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.