കൊലക്കേസ്: ദർശനും പവിത്രയും ഏഴുദിവസം റിമാൻഡിൽ; കോടതിമുറിയിൽ പൊട്ടിക്കരഞ്ഞ് താരങ്ങൾ
Wednesday, June 12, 2024 1:15 PM IST
ബംഗളൂരു: കൊലപാതകക്കേസിൽ അറസ്റ്റിലായ കന്നഡ നടൻ ദർശൻ തുഗുദീപയെയും സുഹൃത്തും നടിയുമായ പവിത്ര ഗൗഡയെയും ഏഴുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. 10 ദിവസത്തേക്കാണ് ഇവരെ കസ്റ്റഡിയിൽ ചോദിച്ചിരുന്നത്. ജൂൺ 17 വരെ കസ്റ്റഡി തുടരും.
ഇരുവരെയും രാവിലെ കോടതിയിൽ ഹാജരാക്കിയപ്പോൾ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ഇരുവരും മജിസ്ട്രേറ്റിനു മുന്നിൽ പലതവണ പൊട്ടിക്കരഞ്ഞു. പോലീസുകാർ മോശമായി പെരുമാറിയോ എന്ന് ജസ്റ്റീസ് വിശ്വനാഥ് സി. ഗൗഡർ ഇവരോട് ആരാഞ്ഞു. ഇല്ലെന്നായിരുന്നു മറുപടി.
സുഹൃത്തായ നടിക്ക് അശ്ലീലസന്ദേശം അയച്ച യുവാവിനെ കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് താരങ്ങളെ അറസ്റ്റ് ചെയ്തത്. നഗരത്തിലെ കാമാക്ഷിപാളയ മേഖലയിലെ അഴുക്കുചാലിൽനിന്ന് ചിത്രദുർഗ സ്വദേശിയായ രേണുക സ്വാമി എന്നയാളുടെ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്നു നടത്തിയ അന്വേഷണമാണ് നടന്റെ അറസ്റ്റിൽ കലാശിച്ചത്.
ചൊവ്വാഴ്ച രാവിലെയാണു 47 കാരനായ നടനെയും കൂട്ടാളികളായ പന്ത്രണ്ടു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തത്. വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കൊല്ലപ്പെട്ട രേണുക സ്വാമി ഒരു മരുന്നുകന്പനിയിലെ ജീവനക്കാരനാണ്. അഴുക്കുചാലിൽകിടന്ന മൃതദേഹം നായ്ക്കൾ കടിച്ചുവലിക്കുന്നത് കണ്ട് ആളുകൾ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്താൽ കൊല്ലപ്പെട്ടയാളെ കണ്ടെത്തുകയായിരുന്നു.
ദർശനുമായി സൗഹൃദത്തിലുള്ള പവിത്ര ഗൗഡയ്ക്കു കൊല്ലപ്പെട്ട രേണുക സ്വാമി അശ്ലീലസന്ദേശം അയച്ചതാണു കൊലപാതകത്തിലേക്കു നയിച്ചത്. ചിത്രദുർഗയിൽനിന്ന് രേണുക സ്വാമിയെ ബംഗളൂരുവിൽ എത്തിച്ചശേഷം കൊലപ്പെടുത്തുകയായിരുന്നു.
സാന്പത്തിക തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് അറസ്റ്റിലായവർ ആദ്യം പോലീസിനോടു പറഞ്ഞിരുന്നു. എന്നാൽ, മൊഴികളിലെ പൊരുത്തക്കേടുകളെത്തുടർന്ന് പോലീസ് വിശദമായി ചോദ്യംചെയ്തപ്പോഴാണു ചലച്ചിത്രതാരത്തിന്റെ പങ്ക് വ്യക്തമായത്.
നടിക്ക് അശ്ലീലസന്ദേശം അയച്ച രേണുക സ്വാമിയെ ചിത്രദുർഗയിലെ തന്റെ ഫാൻസ് അസോസിയേഷൻ ഭാരവാഹികളെക്കൊണ്ട് ബംഗളൂരുവിൽ എത്തിച്ച് മർദിക്കുകയായിരുന്നു. മർദനത്തിൽ രേണുക സ്വാമി മരണമടഞ്ഞതോടെ മൃതദേഹം ഓടയിൽ ഉപേക്ഷിച്ച് പ്രതികൾ മുങ്ങുകയായിരുന്നു.