രേണുകാസ്വാമി വധക്കേസ്: ദര്ശന് പിന്നാലെ കന്നഡ നടി പവിത്ര ഗൗഡയും അറസ്റ്റില്‍
Tuesday, June 11, 2024 3:50 PM IST
ബംഗളൂരു: രേണുകാസ്വാമി വധക്കേസുമായി ബന്ധപ്പെട്ട് കന്നഡ നടി പവിത്ര ഗൗഡ അറസ്റ്റില്‍. നേരത്തെ, വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഇവരെ അന്നപൂര്‍ണേശ്വരി നഗര്‍ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയായിരുന്നു. കേസില്‍ 11 -ാം പ്രതിയാണ് പവിത്ര.
ചിത്രദുര്‍ഗയിലെ അപ്പോളോ ഫാര്‍മസി ബ്രാഞ്ചില്‍ ജീവനക്കാരനായിരുന്ന രേണുകസ്വാമിയെ (33) കൊലപ്പെടുത്തിയ കേസില്‍ കന്നഡ സൂപ്പര്‍ താരം ദര്ശന് തുഗുദീപ നേരത്തെ അറസ്റ്റിലായിരുന്നു. മൈസൂരുവിലെ ഫാം ഹൗസില്‍നിന്ന് ബംഗളൂരു സിറ്റി പോലീസാണ് ചൊവ്വാഴ്ച ദര്‍ശനെ അറസ്റ്റ് ചെയ്തത്.
പവിത്ര ഗൗഡയ്ക്ക് രേണുകാസ്വാമി അശ്ലീല സന്ദേശം അയച്ചതിന്റെ വെെരാഗ്യത്തില്‍ ദര്ശന് ഇയാളെ ക്വട്ടേഷന്‍ നല്കി കൊലപ്പെടുത്തി എന്നാണ് കേസ്. ബംഗളുരുവിന് അടുത്തുള്ള സോമനഹള്ളിയില്‍ കഴിഞ്ഞ ദിവസമാണ് രേണുക സ്വാമിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
അഴുക്കുചാലില്‍ കിടന്നിരുന്ന രേണുകാ സ്വാമിയുടെ മൃതദേഹം തെരുവുനായകള്‍ കടിച്ചുവലിക്കുന്നത് ശ്രദ്ധയില്‍പെട്ട പ്രദേശവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. ആദ്യം ആത്മഹത്യ എന്ന് കരുതിയ കേസ് പിന്നീട് കൊലപാതകമെന്ന് തെളിയുകയായിരുന്നു.
നേരത്തെ, രേണുകാസ്വാമിയെ കണ്ടെത്താന്‍ ചിത്രദുര്‍ഗയിലെ തന്റെ ഫാന്‍സ് അസോസിയേഷന് പ്രസിഡന്റിനോട് ദര്ശന് ആവശ്യപ്പെട്ടിരുന്നു. അതിന്‍പ്രകാരം ഇയാളുടെ വീടടക്കമുള്ള വിവരങ്ങള്‍ ദര്ശന് ലഭിച്ചിരുന്നു.
പിന്നീട് രേണുകാസ്വാമിയെ പിടിച്ചുകൊണ്ടുവന്നു ദര്‍ശന്റെ ബംഗളൂരു ആര്‍ആര്‍ നഗറിലുള്ള വീടിന്റെ കാര്പോര്ച്ചില്വച്ച് ക്രൂരമായി മര്‍ദിച്ചു എന്നാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ പോലീസിനോട് പറഞ്ഞത്. ദര്‍ശനും ഇയാളെ മര്‍ദിച്ചതായി സംഘം പറയുന്നു. ഇരുമ്പവടികൊണ്ടുള്ള അടിയേറ്റ രേണുകാസ്വാമി മരിക്കുകയായിരുന്നു. പിന്നീട് മൃതദേഹം കാമാക്ഷിപാളയത്തിലെ ഒരു പാലത്തിനടിയില്‍ തള്ളുകയായിരുന്നു.
കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗിരിനഗര്‍ സ്വദേശികളായ മൂന്നുപേര്‍ തിങ്കളാഴ്ച പോലീസില്‍ കീഴടങ്ങിയിരുന്നു. പക്ഷേ വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ കൊലപാതകത്തിന് പിന്നിലെ യഥാര്‍ഥ കാരണം വെളിവാവുകയായിരുന്നു. ഡി ബോസ് എന്ന് വിളിക്കുന്ന ദര്‍ശന്റെ നിര്‍ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതികള്‍ പറഞ്ഞത്.