ഏഴു വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് വധശിക്ഷ
Tuesday, June 11, 2024 12:27 AM IST
ഭോപ്പാൽ: മധ്യപ്രദേശിൽ ഏഴു വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികൾക്ക് കോടതി വധശിക്ഷ വിധിച്ചു. ഇൻഡോറിലെ കോടതിയാണ് ശിക്ഷ വിധിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 364 എ (മോചനദ്രവ്യത്തിനായുള്ള തട്ടിക്കൊണ്ടുപോകൽ), 302 (കൊലപാതകം) എന്നീ വകുപ്പുകൾ പ്രകാരം വിക്രാന്ത് താക്കൂറിനെയും (25), റിതിക് താക്കൂറിനെയും (23) പ്രത്യേക ജഡ്ജി ദേവേന്ദ്ര പ്രസാദ് മിശ്ര ശിക്ഷിച്ചു വെന്ന് അഭിഭാഷകൻ ആശിഷ് എസ് ശർമ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് പരാമർശിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. 2023 ഫെബ്രുവരി അഞ്ചിന് പിഗ്ദാംബർ പ്രദേശത്ത് നിന്നാണ് ഏഴു വയസുകാരനായ ഹർഷ് ചൗഹാനെ വിക്രാന്തും റിതിക്കും തട്ടിക്കൊണ്ടുപോയത്. തുടർന്ന് മോചനദ്രവ്യമായി പിതാവ് ജിതേന്ദ്ര ചൗഹാനിൽ നിന്നും നാലു കോടി രൂപ ആവശ്യപ്പെടുകയും ചെയ്തു.
മോചനദ്രവ്യം ലഭിക്കാതെ വന്നപ്പോൾ ഇരുവരും ചേർന്ന് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിചാരണ വേളയിൽ 30 സാക്ഷികളെ വിസ്തരിച്ചുവെന്ന് അഭിഭാഷകൻ പറഞ്ഞു.