"കൃഷി പ്രധാനം'; മോദി ആദ്യം ഒപ്പുവച്ചത് പിഎം കിസാന്‍ നിധി ഫയലില്‍
Monday, June 10, 2024 3:04 PM IST
ന്യൂഡല്‍ഹി: മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനുശേഷം നരേന്ദ്രമോദി ആദ്യം ഒപ്പുവച്ചത് കിസാന്‍ നിധി 17-ാം ഗഡു വിതരണം ചെയ്യുന്നതിനുള്ള ഫയലില്‍. 20,000 കോടി രൂപയാണ് പിഎം കിസാന്‍ നിധി വഴി വിതരണം ചെയ്യുന്നത്. ഇത് 9.3 കോടി കര്‍ഷകര്‍ക്കു പ്രയോജനപ്പെടും.
കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് തന്റേതെന്ന് ഫയലില്‍ ഒപ്പുവച്ച ശേഷം മോദി പറഞ്ഞു. അതുകൊണ്ടാണ് ആദ്യം ഒപ്പിടുന്ന ഫയലായി പിഎം കിസാന്‍ നിധിയെ തെരഞ്ഞെടുത്തത്. വരും കാലങ്ങളില്‍ കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്ക്കും വേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും കൃഷിയുടെയും കര്‍ഷകരുടെയും ക്ഷേമത്തിനായി കൂടുതല്‍ തീരുമാനങ്ങളുണ്ടാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നേരത്തെ, വടക്കേ ഇന്ത്യയില്‍ ബിജെപിക്കു സീറ്റ് കുറയാന്‍ മുഖ്യ കാരണം കര്‍ഷകര്‍ക്കിടയിലെ അതൃപ്തിയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടയിലാണ്, പ്രധാനമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ മോദി പിഎം കിസാന്‍ നിധി ഫയലില്‍ ആദ്യം ഒപ്പുവച്ചത്.