കേരളത്തിന് ഇരട്ടി മധുരം; സുരേഷ് ഗോപിയും ജോർജ് കുര്യനും ഇനി കേന്ദ്ര സഹമന്ത്രിമാർ
Sunday, June 9, 2024 10:08 PM IST
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൽ സുരേഷ് ഗോപിയും ജോർജ് കുര്യനും സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായിരുന്നു ജോർജ് കുര്യൻ.
ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോർജ് കുര്യന് മന്ത്രിസഭയിൽ അംഗത്വം ലഭിച്ചത്. നാട്ടകം കോളജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ വിദ്യാര്‍ഥി ജനതാ നേതാവിൽ നിന്നാണ് തുടക്കം.
ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായും സംസ്ഥാന സെക്രട്ടറിയായും സംസ്ഥാന വക്താവായും സംഘടനാ തലത്തിൽ നിര്‍ണായക ചുമതലകൾ ജോര്‍ജ് കുര്യൻ വഹിച്ചിട്ടുണ്ട്.
തൃശൂരിൽ നിന്നുള്ള എംപിയായിട്ടാണ് സുരേഷ് ഗോപി മോദി സർക്കാരിൽ അംഗമായത്. ശക്തമായ ത്രികോണ മത്സരത്തിൽ എൽഡിഎഫിലെ വി.എസ്.സുനിൽകുമാറിനെ 74686 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് അദ്ദേഹം പാർലമെന്റിൽ എത്തിയത്.