വിഐപി സംസ്കാരം വേണ്ട; മന്ത്രിമാർ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്ന് യോഗി
Sunday, June 9, 2024 1:57 AM IST
ലക്നോ: വിഐപി സംസ്കാരം കാണിക്കാതെ മന്ത്രിമാരും ഉദ്യോഗസ്ഥരും ജനങ്ങളിലേക്ക് ഇറങ്ങണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രവർത്തനങ്ങളിൽ വിഐപി സംസ്കാരം പ്രതിഫലിപ്പിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്നും മന്ത്രിമാരുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു.
സർക്കാർ ജനങ്ങളുടേതാണ്. ജനങ്ങളുടെ ക്ഷേമമാണു മുഖ്യം. സമൂഹത്തിന്റെ അവസാന നിരയിൽ നിൽക്കുന്ന വ്യക്തികളുടെ പ്രശ്നങ്ങൾ, പ്രതീക്ഷകൾ, ആവശ്യങ്ങൾ എന്നിവ പരിഹരിക്കപ്പെടണമെന്നും യോഗി പറഞ്ഞു.
യുപിയിൽ ബിജെപിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്കു പിന്നാലെയാണ് യോഗിയുടെ നിർദേശം.