തെലുങ്കാനയിൽ സോണിയ ഗാന്ധിക്കായി ക്ഷേത്രം; ഉദ്ഘാടനം കഴിഞ്ഞു
Monday, June 3, 2024 6:18 AM IST
കരിംനഗർ: തെലുങ്കാനയിൽ സോണിയ ഗാന്ധിക്കായി പണികഴിപ്പിച്ച ക്ഷേത്രം ഉദ്ഘാടനംചെയ്തു. തെലുങ്കാനയ്ക്ക് സംസ്ഥാന പദവി നൽകിയതിന്റെ നന്ദിസൂചകമായാണ് ക്ഷേത്രം പണികഴിപ്പിച്ചത്.
തെലുങ്കാന രൂപീകരണ ദിനത്തിലാണ് രാജണ്ണ സിർസില്ല ജില്ലയിലെ യെല്ലറെഡ്ഡിപേട്ടിലുള്ള സായിബാബ കമാനിലെ ക്ഷേത്രം ടിപിസിസി അംഗം നഗുല സത്യനാരായണ ഉദ്ഘാടനം ചെയ്തത്. പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി നെവുരി വെങ്കട്ട് റെഡ്ഡിയും ഭാര്യ മമതയും ചേർന്നാണ് വെള്ള മാർബിളിൽ ക്ഷേത്രം സ്ഥാപിച്ചത്.
സോണിയ ഗാന്ധി തെലുങ്കാനയ്ക്ക് സംസ്ഥാന പദവി പ്രഖ്യാപിക്കുകയും നാലര കോടി ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയും ചെയ്തപ്പോൾ അവർക്കായി ഒരു ക്ഷേത്രം നിർമ്മിക്കാൻ താൻ തീരുമാനിച്ചിരുന്നുവെന്ന് വെങ്കട്ട് റെഡ്ഡി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം കോൺഗ്രസ് സംസ്ഥാനത്ത് സർക്കാർ രൂപീകരിച്ചതോടെ വിജയകരമായി ക്ഷേത്ര നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി.