പുരാവസ്തു തട്ടിപ്പ് കേസ്; മുൻ ഡിവൈഎസ്പി റെസ്റ്റത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
Saturday, June 1, 2024 5:58 PM IST
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് മുൻ ഡിവൈഎസ്പി വൈ.ആർ. റെസ്റ്റത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. പരാതിക്കാരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തെ തുടർന്നാണ് നടപടി.
കേസിലെ പരാതിക്കാരനായ യാക്കൂബ് പുതിയപുരയിൽ നൽകിയ ഹർജിയിൽ, റെസ്റ്റത്തിനെതിരെ പ്രാഥമിക അന്വേഷണത്തിനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
റെസ്റ്റം 2021 നവംബറിൽ അനുമോൾ, ലിജോ എന്നിവരുടെ അക്കൗണ്ടിലൂടെ രണ്ടുതവണയായി 25,000 രൂപയും ഒരു ലക്ഷം രൂപ നേരിട്ടും കൈപ്പറ്റി എന്നാണ് യാക്കൂബിന്റെ പരാതി. അന്വേഷണം നടത്തണമെങ്കിൽ പണം വേണമെന്ന് ഡിവൈഎസ്പി ആവശ്യപ്പെട്ടുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.