അച്ഛനെയും സഹോദരനെയും കൊന്നു, മൃതദേഹം കഷണങ്ങളാക്കി ഫ്രീസറിൽ ഒളിപ്പിച്ചു: 15കാരി അറസ്റ്റിൽ
Friday, May 31, 2024 6:42 AM IST
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ അച്ഛനെയും സഹോദരനെയും കൊലപ്പെടുത്തി മൃതദേഹം പലകഷണങ്ങളായി മുറിച്ച് ഫ്രീസറിൽ സൂക്ഷിച്ച 15കാരി അറസ്റ്റിൽ. മാർച്ച് 15 ന് മധ്യപ്രദേശിലെ ജബൽപൂരിലാണ് കൊലപാതകം നടന്നത്, അതിനുശേഷം പെൺകുട്ടി ഒളിവിലായിരുന്നു.
പെൺകുട്ടിയുടെ 19 കാരനായ കാമുകനും കേസിൽ പ്രതിയാണ്. ഇയാളും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയെ നഗരത്തിൽ കണ്ടതിനെ തുടർന്ന് കസ്റ്റഡിയിലെടുത്തതായി ഹരിദ്വാർ സീനിയർ പോലീസ് സൂപ്രണ്ട് പ്രമേന്ദ്ര ദോഭാൽ പറഞ്ഞു.
കാമുകനോടൊപ്പമാണ് താൻ ഹരിദ്വാറിൽ എത്തിയതെന്ന് ചോദ്യം ചെയ്യലിൽ അവൾ വെളിപ്പെടുത്തിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു. 19 കാരനുമായുള്ള ബന്ധത്തെ എതിർത്തതിനാണ് പിതാവിനെ കൊന്നതെന്നും സംഭവത്തിന് ദൃക്സാക്ഷിയായതിനാലാണ് സഹോദരനെ കൊലപ്പെടുത്തിയതെന്നും പെൺകുട്ടി പറഞ്ഞതായി പ്രമേന്ദ്ര ദോഭാൽ പറഞ്ഞു.
സംഭവസ്ഥലത്ത് നിന്നും പോകുന്നതിന് മുൻപ് ഇരുവരും ചേർന്ന് മൃതദേഹം മുറിച്ച് ഫ്രീസറിൽ വയ്ക്കുകയായിരുന്നു. കാമുകനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പെൺകുട്ടി പോലസിന് മൊഴി നൽകി.
പെൺകുട്ടിയെ മധ്യപ്രദേശ് പോലീസിന് കൈമാറിയെന്നും കാമുകനുവേണ്ടി തിരച്ചിൽ നടക്കുകയാണെന്നും പ്രമേന്ദ്ര ദോഭാൽ വ്യക്തമാക്കി.