ഒഡീഷയിൽ ജഗന്നാഥ ചന്ദൻ ജാത്ര ഉത്സവത്തിനിടെ അപകടം; 15 പേർക്ക് പൊള്ളലേറ്റു
Thursday, May 30, 2024 1:25 AM IST
ഭുവനേശ്വർ: ഒഡീഷയിലെ പുരിയിൽ ജഗന്നാഥ ചന്ദൻ ജാത്ര ഉത്സവത്തിനിടെ പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പൊള്ളലേറ്റു. ബുധനാഴ്ച രാത്രിയാണ് സംഭവം.
അപകട സമയം നരേന്ദ്ര പുഷ്കരിണിയുടെ തീരത്ത് നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയിരുന്നു. ഒരു സംഘം ഭക്തർ പടക്കം പൊട്ടിച്ച് ഉത്സവം ആഘോഷിക്കുന്നതിനിടെ തീപ്പൊരി പടക്കങ്ങളുടെ ഇടയിലേയ്ക്ക് വീണ് പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു.
ഇതിന് സമീപമുണ്ടായിരുന്നവർ സ്വയ രക്ഷയ്ക്കായി വെള്ളത്തിലേക്ക് എടുത്ത് ചാടി. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇതിൽ നാല് പേരുടെ നില ഗുരുതരമാണെന്ന് ഡോക്ടർ പറഞ്ഞു.
മുഖ്യമന്ത്രി നവീൻ പട്നായിക് സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് മതിയായ ചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു. ചികിത്സാ ചിലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.