ഫ്രാൻസിൽ അധ്യാപികയുടെ മുഖത്ത് കുത്തിയ വിദ്യാർഥി പിടിയിൽ
Tuesday, May 28, 2024 6:47 AM IST
പാരീസ്: പടിഞ്ഞാറൻ ഫ്രാൻസിൽ അധ്യാപികയുടെ മുഖത്ത് കുത്തിയ വിദ്യാർഥി പോലീസിന്റെ പിടിയിൽ. പടിഞ്ഞാറൻ ഫ്രാൻസിലെ ചെമിൽ-എൻ-അഞ്ചൗ പട്ടണത്തിൽ നിന്നുള്ള ഇംഗ്ലീഷ് അധ്യാപികയെയാണ് 18 കാരനായ വിദ്യാർഥി ആക്രമിച്ചത്.
അധ്യാപികയുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തിന് പിന്നിൽ മതപരമായ എന്തെങ്കിലും കാരണമുണ്ടോയെന്ന് വ്യക്തമല്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ എറിക് ബോയിലാർഡ് പറഞ്ഞു. ഇടവേളയ്ക്ക് ശേഷം ക്ലാസ് പുനരാരംഭിച്ചപ്പോഴാണ് ആക്രമണമുണ്ടായത്.
വിദ്യാർഥി, അധ്യാപികയെ പിന്നിൽ നിന്നും പിടിച്ച് മുഖത്ത് കുത്തുകയും ക്ലാസ് മുറിയിൽ പരിഭ്രാന്തി പരത്തുകയും ചെയ്തു. തുടർന്ന് കത്തി ഉപേക്ഷിച്ച് ജനൽ വഴി രക്ഷപെടുകയും ചെയ്തു. പാരാമിലിട്ടറി പോലീസും മുനിസിപ്പൽ പോലീസും ചേർന്നാണ് വിദ്യാർഥിയെ പിടികൂടിയത്.
വിദ്യാർഥിക്ക് അധ്യാപികയോട് മുൻവൈരാഗ്യം ഉണ്ടായിരുന്നതായി അറിവില്ലെന്നും എറിക് ബോയിലാർഡ് പറഞ്ഞു.