എസ്എംഎ ബാധിച്ച 12 വയസിന് താഴെയുള്ളവർക്കെല്ലാം സൗജന്യ മരുന്ന് നൽകി
Sunday, May 26, 2024 2:48 AM IST
തിരുവനന്തപുരം: സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) ബാധിച്ച 12 വയസിന് താഴെയുള്ള കുട്ടികളിൽ അപേക്ഷിച്ച എല്ലാ കുട്ടികൾക്കും സംസ്ഥാന സർക്കാരിന്റെ പ്രത്യേക പദ്ധതിയിലൂടെ സൗജന്യ മരുന്ന് നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്.
ഇവർക്കുള്ള തുടർ ചികിത്സയും അടുത്ത ഘട്ടങ്ങളിലേക്കുള്ള സൗജന്യ മരുന്നുകളും നൽകും. മുമ്പ് ആറ് വയസുവരെയുള്ള കുട്ടികൾക്ക് മാത്രം നൽകിയിരുന്ന മരുന്ന് അടുത്തിടെ 12 വയസ് വരെയാക്കിയിരുന്നു.
ആറ് വയസിനു മുകളിലുള്ള 23 കുട്ടികൾക്ക് മരുന്ന് നൽകി. ഇതുൾപ്പെടെ 12 വയസുവരെയുള്ള ആകെ 80 കുട്ടികൾക്കാണ് ഒരു ഡോസിന് ആറ് ലക്ഷത്തോളം വിലയുള്ള മരുന്നുകൾ സൗജന്യമായി നൽകിയത്.
ലൈസോസോമൽ സ്റ്റോറേജ് രോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് പ്രതിമാസം 20 ലക്ഷം രൂപ വില വരുന്ന മരുന്നുകളും സൗജന്യമായി വിതരണം ചെയ്തിരുന്നു. ഇതുകൂടാതെ 50 ലക്ഷത്തോളം രൂപ ചികിത്സാ ചെലവ് വരുന്ന മറ്റ് അപൂർവ രോഗങ്ങൾ ബാധിച്ചവർക്ക് അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്സലൻസായ എസ്എടി ആശുപത്രി വഴി മരുന്ന് നൽകി വരുന്നതായും മന്ത്രി പറഞ്ഞു.