നെയ്യാറിൽ കാർ 25 അടി താഴ്ചയിൽ വീണു; അഞ്ചുവയസുകാരിയും കുടുംബവും അദ്ഭുതകരമായി രക്ഷപ്പെട്ടു
Saturday, May 25, 2024 2:09 PM IST
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കാര്‍ കനാലിലേക്ക് വീണ് അപകടം. നെയ്യാര്‍ കനാലിലെ 25 അടി താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. കാറിലുണ്ടായിരുന്ന അഞ്ചു വയസുകാരി ഉള്‍പ്പെടെയുള്ളവര്‍ അദ്ഭുതകരമായി രക്ഷപെട്ടു.
നെയ്യാറ്റിൻകര പുന്നക്കാടിന് സമീപം വെള്ളിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. ബന്ധുവീട്ടില്‍ പോയി തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു കുടുംബം.
റോഡ് അറ്റകുറ്റപ്പണിക്കായി അടച്ചതിനാല്‍ മറ്റൊരു വഴിയിലൂടെയാണ് ഇവർ യാത്രതുടർന്നത്. ഇതിനിടെ മണ്ണ് ഇടിഞ്ഞതോടെ റോഡിൽ നിന്ന് തെന്നിമാറിയ കാർ കനാലിലേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ നാട്ടുകാരാണ് കുടുംബത്തെ രക്ഷപ്പെടുത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ആരുടെയും പരിക്ക് സാരമല്ല.