പെരിയാറിലെ മത്സ്യക്കുരുതി: സര്‍ക്കാരിനു നിസംഗതയെന്ന് പ്രതിപക്ഷ നേതാവ്
Saturday, May 25, 2024 7:01 AM IST
കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയില്‍ സര്‍ക്കാര്‍ നിസംഗരായി നില്‍ക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. വെള്ളം പരിശോധിക്കാന്‍ പോലും തയാറായിട്ടില്ല. ജല പരിശോധന നിലച്ച നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.
പാതാളം ബണ്ട് തുറന്നതാണ് മത്സ്യക്കുരുതിക്ക് കാരണമെന്നു പറയുന്നത് വിഷയത്തില്‍നിന്നു ശ്രദ്ധതിരിക്കലാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് കുറ്റകരമായ അനാസ്ഥയാണു കാട്ടിയത്. വിഷബാധയേറ്റു ചത്ത മത്സ്യം മാര്‍ക്കറ്റില്‍ വിറ്റിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന പോലും നടന്നില്ല. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിട്ടും മത്സ്യക്കര്‍ഷകര്‍ക്കു നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയാറായിട്ടില്ല. ഡാം തുറന്നപ്പോഴുണ്ടായ ഓക്സിജന്റെ കുറവിലാണ് മത്സ്യങ്ങള്‍ ചത്തു പൊങ്ങിയതെന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ടെത്തല്‍ ആരെ രക്ഷിക്കാനാണെന്ന് അറിയില്ലെന്നും സതീശന് കുറ്റപ്പെടുത്തി.