രാജസ്ഥാൻ ക്വാളിഫയറിൽ; ബംഗളൂരു പുറത്ത്
Wednesday, May 22, 2024 11:46 PM IST
അഹമ്മദാബാദ്: ഐപിഎൽ ട്വന്റി20 ക്രിക്കറ്റിൽ എലിമിനേറ്ററിൽ ജയിച്ചുകയറി രാജസ്ഥാൻ റോയൽസ്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നാല് വിക്കറ്റിന് കീഴടക്കിയാണ് രാജസ്ഥാന്റെ ക്വാളിഫയറിലെത്തിയത്. സ്കോർ: ബംഗളൂരു 172-8 (20), രാജസ്ഥാൻ 174-6 (19).
വെള്ളിയാഴ്ച നടക്കുന്ന ക്വാളിഫയറിൽ രാജസ്ഥാൻ ഹൈദരാബാദിനെ നേരിടും. ജയിക്കുന്നവർ ഫൈനലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും.
രാജസ്ഥാനായി മികച്ച തുടക്കമാണ് ഓപ്പണറുമാരായ യശ്വസി ജയ്സ്വാളും ടോം കോഹ്ലർ കാഡ്മോറും ചേർന്ന് ഒരുക്കിയത്. ഇരുവരും ചേർന്ന് 5.3 ഓവറിൽ 46 റണ്‍സെടുത്തു. 15 പന്തിൽ 20 റണ്‍സെടുത്ത ടോമിന്റെ വിക്കറ്റാണ് രാജസ്ഥാന് ആദ്യം നഷ്ടമായത്.
ജയ്സ്വാൾ 30 പന്തിൽ എട്ട് ഫോറുകളുടെ അകന്പടിയോടെ 45 റണ്‍സെടുത്തു. നായകൻ സഞ്ജു സാംസണ് (17) ഇന്ന് നിരാശപ്പെടുത്തി. റിയാൻ പരാഗ് 26 പന്തിൽ 36 റണ്‍സും നേടി.
ഷിമ്രോണ്‍ ഹെറ്റ്മെയർ 14 പന്തിൽ മൂന്ന് ഫോറും ഒരു സിക്സും ഉൾപ്പെടെ 26 റണ്‍സെടുത്തു. റോവ്മാൻ പവൽ പുറത്താകാതെ എട്ട് പന്തിൽ 16 റണ്‍സുമായി രാജസ്ഥാനെ വിജയതീരത്ത് എത്തിച്ചു.
ബംഗളൂരുവിനായി മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ബംഗളൂരുവിനായി വിരാട് കോഹ്ലിയും (24 പന്തിൽ 33) ഫാഫ് ഡുപ്ലെസിയും (14 പന്തിൽ 17) ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. അഞ്ചാം ഓവറിൽ ഡുപ്ലെസി ബോൾട്ടിന്റെ പന്തിൽ റോവ്മാൻ പവലിന്റെ മിന്നും ക്യാച്ചിലൂടെ പുറത്തായി.
കാമറോണ്‍ ഗ്രീനും (22 പന്തിൽ 34) ഗ്ലെൻ മാക്സ്വെല്ലും (0) ആർ. അശ്വിനു മുന്നിൽ കീഴടങ്ങി. രജത് പാട്ടിദാർ (22 പന്തിൽ 34), ദിനേശ് കാർത്തിക് (13 പന്തിൽ 11), മഹിപാൽ ലോമർ (17 പന്തിൽ 32) എന്നിവരെ ആവേശ് ഖാൻ പുറത്താക്കി.
19-ാം ഓവറിലാണ് കാർത്തികിനെയും ലോമറിനെയും ആവേശ് മടക്കിയത്. ആവേശ് ഖാൻ 44 റണ്‍സിന് മൂന്നും ആർ. അശ്വിൻ 19 റണ്‍സിന് രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.