ബിജെപി ആസ്ഥാനത്തേയ്ക്ക് പ്രതിഷേധം; എഎപി നേതാക്കൾക്കെതിരെ കേസ്
Tuesday, May 21, 2024 12:56 AM IST
ന്യൂഡൽഹി: ബിജെപി ആസ്ഥാനത്തേക്ക് അനുമതിയില്ലാതെ പ്രതിഷേധ പ്രകടനം നടത്തിയ ആം ആദ്മി പാർട്ടി (എഎപി) നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ഇന്ദ്രപ്രസ്ഥ എസ്റ്റേറ്റ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ആഹ്വാന പ്രകാരമാണ് ദീൻ ദയാൽ ഉപാധ്യായ മാർഗിൽ ആം ആദ്മി പാർട്ടി നേതാക്കൾ പ്രതിഷേധിച്ചത്. കേജ്രിവാളിന്റെ നേതൃത്വത്തിൽ എഎപി പ്രവർത്തകർ ബിജെപി ആസ്ഥാനത്തേക്ക് മാർച്ച് ചെയ്യുകയും പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടക്കുകയും ചെയ്തു.
എന്നാൽ, 20 മിനിറ്റിനുള്ളിൽ പ്രതിഷേധം അവസാനിപ്പിച്ച് മുഖ്യമന്ത്രി കെജ്രിവാൾ ഉൾപ്പെടെയുള്ള നേതാക്കളെല്ലാം പാർട്ടി ഓഫീസിലേക്ക് മടങ്ങി. പ്രതിഷേധത്തിനിടെ എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും ക്രമസമാധാനം നിലനിർത്താനും ഡൽഹി പോലീസ് ഉദ്യോഗസ്ഥരെയും അർദ്ധസൈനികരെയും വിന്യസിച്ചിരുന്നു.