നന്ദി മഞ്ഞപ്പട, എപ്പോഴും ഓര്‍ക്കും: ദിമിത്രിയോസ് ഡയമന്റകോസ് ബ്ലാസ്റ്റേഴ്സ് വിട്ടു
Monday, May 20, 2024 4:05 PM IST
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് സ്ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റകോസ് ക്ലബ്ബ് വിട്ടു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ക്ലബ്ബിലെ തന്റെ രണ്ട് വര്‍ഷത്തെ സേവനം അവസാനിപ്പിക്കുന്നുവെന്നറിയിച്ച ദിമിത്രിയോസ് ആരാധകരോട് നന്ദിയും പറഞ്ഞു.
"നിര്‍ഭാഗ്യവശാല്‍, ആവേശകരമായ സാഹസികതകളും അനുഭവങ്ങളും നിറഞ്ഞ ഈ രണ്ട് വിസ്മയിപ്പിക്കുന്ന വര്‍ഷങ്ങള്‍ അവസാനിച്ചു. ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ ഒരുമിച്ചു സ്നേഹിച്ച നിമിഷങ്ങള്‍ പ്രകടിപ്പിക്കാന്‍ എനിക്ക് വാക്കുകളില്ല. നിങ്ങള്‍ എന്നെ എന്നത്തേക്കാളും കൂടുതല്‍ സ്വാഗതം ചെയ്തു... ആരാധകരില്‍ നിന്ന് ആദ്യദിവസം മുതല്‍ എനിക്ക് ലഭിച്ച തുടര്‍ച്ചയായ പിന്തുണയും സ്നേഹവും അവിശ്വസനീയമാണ്. നന്ദി മഞ്ഞപ്പട, നിങ്ങളെ എപ്പോഴും ഓര്‍ക്കും. നിങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു'- ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു ദിമി പറഞ്ഞു.
2022ല്‍ കേരള ബ്ലാസ്റ്റേഴ്സിലെത്തിയ ദിമിത്രിയോസ് ക്ലബ്ബിനായി 38 മത്സരങ്ങളില്‍ നിന്ന് 23 ഗോളുകള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ 13 ഗോളുകള്‍ നേടി ഐഎസ്എല്ലില്‍ ടോപ് സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് നേടിയ താരമാണദ്ദേഹം.
എന്നാൽ താരം ക്ലബ്ബ് വിടാനിടയായ സാഹചര്യം വ്യക്തമല്ല. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഇക്കാര്യത്തോട് പ്രതികരിച്ചിട്ടില്ല.