അവയവക്കടത്തിനായി സബിത്ത് ഇറാനിലെത്തിച്ചത് 20 പേരെ; കമ്മീഷൻ അഞ്ച് ലക്ഷം
Monday, May 20, 2024 11:26 AM IST
കൊച്ചി: അറസ്റ്റിലായ അവയവക്കച്ചവടം നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി സബിത്തിന് രാജ്യാന്തര ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ. അവയവക്കടത്തിനായി 20 പേരെ ഇറാനിലെത്തിച്ചെന്ന് ഇയാൾ എൻഐഎ സംഘത്തിന് മൊഴി നൽകി. ഇങ്ങനെ കടത്തിയവരിൽ ചിലർ മരിച്ചെന്നും സൂചനയുണ്ട്.
വ്യാജ പാസ്പോർട്ടും ആധാർ കാർഡും തയാറാക്കിയാണ് സബിത്ത് ആളുകളെ ഇറാനിലെത്തിച്ചത്. അഞ്ചു വർഷമായി ഇറാനിൽ താമസിച്ചായിരുന്നു അവയവക്കടത്തിന് നേതൃത്വം നൽകിയത്. ഇറാനിലേക്ക് കടത്തിയവരിൽ കൂടുതൽ പേരും ഉത്തരേന്ത്യയിൽ നിന്നുള്ളവരാണ്.
ഇവരിൽ മലയാളികളും ഉണ്ടെന്നാണ് വിവരം.അവയവ ദാതാക്കൾക്ക് 10 ലക്ഷം രൂപ നൽകുമ്പോൾ തന്റെ കമ്മീഷൻ അഞ്ച് ലക്ഷം രൂപയായിരുന്നുവെന്നും സബിത്ത് വെളിപ്പെടുത്തി.
ഞായറാഴ്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചാണ് തൃശൂര്‍ വലപ്പാട് സ്വദേശി സബിത്ത് നാസര്‍ പിടിയിലായത്. ഇരകളെ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് വിദേശത്തേക്ക് കടത്തി വൃക്ക കച്ചവടം നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് സബിത്ത് എന്ന് പോലീസ് പറഞ്ഞു. ഇന്ത്യയിൽ നിന്നും ആളുകളെ കുവൈറ്റിൽ എത്തിച്ച് അവിടെ നിന്ന് ഇറാനിലേക്ക് എത്തിച്ചാണ് അവയവ കച്ചവടം നടത്തുന്നത്.
ഇറാനിലെ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തുന്നതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിദേശത്ത് നിന്നും മടങ്ങി വരുന്ന വഴി വിമാനത്താവളത്തില്‍ വച്ച് നെടുമ്പാശേരി പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.