വിരലിനു പകരം നാവിൽ ശസ്ത്രക്രിയ; നാണക്കേടിൽ ആരോഗ്യവകുപ്പ്
Friday, May 17, 2024 4:08 PM IST
കോഴിക്കോട്: നാലുവയസുകാരിയുടെ വിരലിന് പകരം നാവ് ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ കടുത്ത നടപടികൾക്കു നീക്കം. സംസ്ഥാനത്തെ ആരോഗ്യ മേഖലയ്ക്കാകെ നാണക്കേടുണ്ടാക്കുന്ന രീതിയിൽ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ചയാണ് അസോ. പ്രഫസറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണു മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് അറിയുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരമായിരുന്നു അന്വേഷണം.
നിലവില്‍ കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ അസോ. പ്രഫസര്‍ ബിജോണ്‍ ജോണ്‍സണെതിരേ മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തിട്ടുണ്ട്. ഇദ്ദേഹം സസ്പെന്‍ഷനിലാണ്. ഡോക്ടര്‍ക്ക് പുറമേ ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന രണ്ട് നഴ്സിംഗ് അസിസ്റ്റന്റുമാര്ക്കെതിരേയും നടപടി വരുമെന്നാണു വിവരം.
ആറാം വിരല്‍ നീക്കം ചെയ്യാനാണു നാലുവയസുകാരിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. എന്നാൽ, കുട്ടിയുടെ നാവിനാണ് ശസ്ത്രക്രിയ നടത്തിയത്. നാവിനു കെട്ട് പ്രശ്നമുള്ള കുട്ടികൾക്കു ചെയ്യേണ്ട ശസ്ത്രക്രിയയാണു നടത്തിയത്. ആളുമാറിയാണ് കുട്ടിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയതെന്നു പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പറയുന്നു.
നാവിന് കെട്ട് പ്രശ്നമുള്ള എട്ട് കുട്ടികള്‍ ശസ്ത്രക്രിയയ്ക്ക് ആശുപത്രിയില്‍ ഉണ്ടായിരുന്നു. ഇവരിലൊരാളാണെന്നു കരുതിയാണ് ശസ്ത്രക്രിയ നടത്തിയതെന്നാണു സൂചന. മാതാപിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നതുവരെ ഡോക്ടര്‍ തനിക്ക് പറ്റിയ തെറ്റ് അറിഞ്ഞിരുന്നില്ല.
ഇതുമായി ബന്ധപ്പെട്ട് യാതൊരുവിധ പരിശോധനകളോ നടപടിക്രമങ്ങളോ പാലിക്കപ്പെട്ടിട്ടില്ല. ചെറിയൊരു ശസ്ത്രക്രിയ ആണെങ്കില്‍ പോലും ബന്ധുക്കളുടെ സമ്മതത്തോടെ മാത്രമേ ചെയ്യാവൂ എന്ന അടിസ്ഥാനപരമായ കാര്യംപോലും ലംഘിക്കപ്പെട്ടു.
നാവിന് ശസ്ത്രക്രിയ ചെയ്യണമെങ്കില്‍ സ്കാനിംഗ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ വേണം. ചെറുവണ്ണൂര്‍ സ്വദേശിനിയായ കുട്ടിക്ക് ഇത്തരമൊരുപരിശോധനയും നടന്നിരുന്നില്ല. അതേസമയം ആറാം വിരല്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എല്ലാവിധ പരിശോധനകളും നടത്തിയിരുന്നു താനും.
കുട്ടിയുടെ കേസ് ഫയല്‍ പരിശോധിക്കുക എന്ന പ്രാഥമിക നടപടിക്രമം പോലും അസോ. പ്രഫസര്‍ ബിജോണ്‍ ജോണ്‍സണോ അദ്ദേഹത്തെ അസിസ്റ്റ് ചെയ്തവരോ പാലിച്ചില്ലെന്ന ഗുരുതരമായ വസ്തുതയാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായത്.
ആദ്യം മൂടിവയ്ക്കാന്‍ ശ്രമം, വിവാദമായപ്പോള്‍ മാപ്പ്...
ബന്ധുക്കള്‍ പരാതിയും തുടര്‍ നടപടികളുമായി മുന്നോട്ടുപോകുകയാണ്. സംഭവം മൂടിവയ്ക്കാന്‍ ശ്രമിച്ചുവെന്ന ആരോപണമാണ് ബന്ധുക്കള്‍ പ്രധാനമായും ഉന്നയിക്കുന്നത്. തങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയില്ലായിരുന്നുവെങ്കില്‍ സംഭവം മൂടിവയ്ക്കപ്പെടുമായിരുന്നുവെന്ന് കുട്ടിയുടെ ഉമ്മ നിഹാല പറഞ്ഞു.
ഡോക്ടര്‍ മാപ്പുപറഞ്ഞത് തെറ്റ് ചൂണ്ടിക്കാട്ടിയപ്പോള്‍ മാത്രമാണ്. കുട്ടിയുടെ നാവിന് ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. പ്രശ്നമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞത് വിഷയം വിവാദമായശേഷം മാത്രമാണ്. ഡോക്ടര്‍ മാപ്പ് പറയുകയും ചെയ്തു.
സംഭവ ദിവസം രാവിലെ 9.30ന് ശസ്ത്രക്രിയ കഴിഞ്ഞു. തിരിച്ചുകൊണ്ടുവരുമ്പോള്‍ കുട്ടിയുടെ വായയിലൂടെ ചോര വരുന്നുണ്ടായിരുന്നു. പഞ്ഞിവച്ചിട്ടുണ്ടായിരുന്നു. അതിനുശേഷം 34-ാം വാര്‍ഡിലേക്ക് പോകാനും നിരീക്ഷണത്തിൽ രണ്ട് മണിക്കൂര്‍ കിടക്കണമെന്നും പറഞ്ഞു.
നോക്കിയപ്പോള്‍ കുട്ടിയുടെ വിരല്‍ അങ്ങനെതന്നെയുണ്ട്. സര്‍ജറി കഴിഞ്ഞിട്ടില്ലല്ലോ പിന്നെ എന്തിനാ ഒബ്സര്‍വേഷനില്‍ കിടത്തിയിരിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ നാവിന് സര്‍ജറി കഴിഞ്ഞെന്നാണ് നഴ്സ് പറഞ്ഞത്. നാവിന് ഒരു പ്രശ്നവുമില്ല, കൈയ്ക്കാണ് പ്രശ്നമെന്ന് താന്‍ പറഞ്ഞതായും കുട്ടിയുടെ അമ്മ പ്രതികരിച്ചു.
വ്യാഴാഴ്ച രാവിലെയാണ് ചെറുവണ്ണൂര്‍ മധുരബസാറില്‍ താമസിക്കുന്ന നാലുവയസുകാരിയും മാതാപിതാക്കളും കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ കൂട്ടിയുടെ കൈയിലെ ആറാം വിരല്‍ നീക്കം ചെയ്യാന്‍ എത്തിയത്. പീഡിയാട്രിക് മൈനര്‍ തിയറ്ററിലായിരുന്നു ശസ്ത്രക്രിയ. നാവിനാണു ശസ്ത്രക്രിയ നടത്തിയതെന്നു മനസിലായപ്പോൾ മാതാപിതാക്കൾ അക്കാര്യം ചൂണ്ടിക്കാട്ടി.
തുടർന്നു കുട്ടിയുടെ ആറാം വിരല്‍ മറ്റൊരു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയായിരുന്നു. മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്തതിനാല്‍ കുട്ടിയെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.