പ്രണയാഭ്യര്‍ഥന നിരസിച്ചു; 20 കാരിയെ ഓട്ടോഡ്രൈവര്‍ വീട്ടില്‍കയറി കുത്തിക്കൊലപ്പെടുത്തി
Wednesday, May 15, 2024 1:20 PM IST
ബംഗളൂരു: പ്രണയാഭ്യര്‍ഥന നിരസിച്ച യുവതി കൊല്ലപ്പെട്ടു. അഞ്ജലി അംബിഗര്‍(20) എന്ന യുവതിയാണ് മരിച്ചത്. കര്‍ണാടക ഹുബ്ബള്ളി വീരപുരയിലാണ് ദാരുണസംഭവം. വീരാപുര്‍ ഓണിയില്‍ ഗിരീഷ് സാവന്ത് (21) എന്നയാളാണ് കൊലചെയ്തതെന്ന് പോലീസ് പറഞ്ഞു. സമീപപ്രദേശത്തെ ഓട്ടോറിക്ഷാ ഡ്രൈവറാണിയാള്‍.
ബുധനാഴ്ച രാവിലെയാണ് സംഭവം. മാതാപിതാക്കള്‍ നഷ്ടപ്പെട്ട പെണ്‍കുട്ടി മുത്തശ്ശി ഗംഗമ്മയ്ക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. വീട്ടിലേയ്ക്കെത്തിയ ഗിരീഷ് അഞ്ജലിയെ കൂടെ കൊണ്ടുപോകുകയാണെന്ന് മുത്തശ്ശിയോട് പറഞ്ഞു. എന്നാല്‍ അഞ്ജലി ഇത് നിരസിച്ചു. ഇതോടെ പ്രതി യുവതിയെ പലവട്ടം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കൊലയ്ക്കുശേഷം രക്ഷപ്പെട്ട പ്രതിയ്ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി കര്‍ണാടക പോലീസ് അറിയിച്ചു. ഒരു കാന്റീനില്‍ ജോലി ചെയ്തിരുന്ന അഞ്ജലിയെ പ്രതി നേരത്തെയും ശല്യപ്പെടുത്തിയിരുന്നതായാണ് വിവരം. ഇത് സംബന്ധിച്ച് ഗംഗമ്മ പോലീസിനെ സമീപിച്ചിരുന്നെങ്കിലും പരാതി ഗൗരവമായി എടുക്കാതെ പറഞ്ഞയച്ചതായി ആക്ഷേപമുണ്ട്.