ഇടവമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും
Tuesday, May 14, 2024 10:01 AM IST
പത്തനംതിട്ട: ഇടവമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചിന് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരിയുടെ നേതൃത്വത്തിൽ നട തുറക്കും.
രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടച്ച ശേഷം ഇടവം ഒന്നായ ബുധനാഴ്ച പുലർച്ചെ അഞ്ചിന് പതിവു പൂജകൾക്കു ശേഷം നെയ്യഭിഷേകം തുടങ്ങും.
നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ കളഭാഭിഷേകം, സഹസ്രകലശം, പടിപൂജ എന്നിവയും നടക്കും. മാളികപ്പുറത്ത് ഭഗവതി സേവ ഉൾപ്പെടെയുണ്ടാകും. 19നാണ് പ്രതിഷ്ഠാ ദിനം. ഇതോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങുകളും കലശാഭിഷേകവും പൂർത്തിയാക്കി അന്ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.
അഞ്ച് വർഷത്തിന് ശേഷം പമ്പയിൽ പാർക്കിംഗിന് ഹൈക്കോടതി അനുമതി നൽകിയ ശേഷം മാസപൂജയ്ക്ക് നട തുറക്കുന്ന ആദ്യദിവസം കൂടിയാണ് ഇന്ന്.