കൂറുമാറിയ എംഎൽഎമാർ ഉടൻ ജയിലിലാകും : ഹിമാചൽ മുഖ്യമന്ത്രി
Tuesday, May 14, 2024 5:26 AM IST
ഷിംല: കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്ന ആറ് എംഎൽഎമാർ ഉടൻ ജയിലിൽ കിടക്കുമെന്ന് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു. തന്റെ സർക്കാർ അഞ്ചുവർഷം പൂർത്തിയാക്കുമെന്നും ഷിംലയിലെ തെരഞ്ഞെടുപ്പ് റാലിയിൽ അദ്ദേഹം പറഞ്ഞു.
അഴിമതിക്കാരെ ജനങ്ങൾ പാഠം പഠിപ്പിക്കും. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ അഴിമതിക്കാരുടെ അവസ്ഥ എന്താകുമെന്ന് കണ്ടറിയണമെന്നും സുഖ്വീന്ദർ സിംഗ് സുഖു പറഞ്ഞു.
ഷിംല പാർലമെന്റ് സീറ്റിലെ കോൺഗ്രസ് സ്ഥാനാർഥി വിനോദ് സുൽത്താൻപുരി മുഖ്യമന്ത്രി സുഖുവിന്റെ സാന്നിധ്യത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചു.
ഇതിന് പിന്നാലെ ചൗരാ മൈതാനിയിൽ നടത്തിയ പൊതുയോഗത്തിലാണ് ബിജെപിയിൽ ചേർന്ന വിമത എംഎൽഎമാർക്കെതിരെ മുഖ്യമന്ത്രി രൂക്ഷമായ വിമർശനം ഉന്നയിച്ചത്.
ആറ് കോൺഗ്രസ് എംഎൽഎമാർ രാജിവച്ച ഒഴിവിലേക്കും നാല് ലോക്സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പും ജൂൺ ഒന്നിന് നടക്കും.