രണ്ട് മാസം പ്രായമുള്ള ആൺകുട്ടി ഉൾപ്പെടെ മൂന്ന് കുട്ടികളെ ദമ്പതികൾ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു
Monday, May 13, 2024 1:01 AM IST
ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോർ റെയിൽവേ സ്റ്റേഷനിൽ രണ്ട് മാസം പ്രായമുള്ള ആൺകുട്ടി ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ ദമ്പതികൾ ഉപേക്ഷിച്ചു. ആറും ഏഴും വയസുള്ള രണ്ട് പെൺകുട്ടികളെയും പൊള്ളലേറ്റ നിലയിൽ ആൺകുട്ടിയെയും വെള്ളിയാഴ്ച രാത്രിയാണ് ബുക്കിംഗ് കൗണ്ടറിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
ആൺകുട്ടിയെ ഉടൻ തന്നെ കമല രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, രണ്ട് പെൺകുട്ടികളെ വനിതാ ശിശു വികസന വകുപ്പിന്റെ സഹായത്തോടെ ഷെൽട്ടർ ഹോമിലേക്ക് അയച്ചു. ഉറങ്ങിക്കിടന്ന സമയമാണ് ഇവർ കുട്ടികളെ ഉപേക്ഷിച്ചത്.
കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി വ്യത്യസ്ത ട്രെയിനുകളിൽ യാത്ര ചെയ്തതായി കുട്ടികൾ പോലീസിനോട് പറഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. ധോൽപൂരിൽ (രാജസ്ഥാൻ) നിന്നാണ് തങ്ങൾ ഇവിടെ എത്തിയതെന്നും പെൺകുട്ടികൾ അറിയിച്ചു.
ഇവിടെ വരുമ്പോൾ കുട്ടികൾ രക്ഷിതാക്കൾക്കൊപ്പമായിരുന്നുവെന്ന് ചില ഓട്ടോറിക്ഷാ ഡ്രൈവർമാർ സ്ഥിരീകരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണെന്നും കുട്ടികളുടെ മാതാപിതാക്കൾക്കായി തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.