കുതിപ്പ് തുടർന്ന് ബംഗളൂരു
Sunday, May 12, 2024 11:30 PM IST
ബംഗളൂരു: ഐപിഎൽ ട്വന്റി 20 ക്രിക്കറ്റിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം. 47 റണ്‍സിനാണ് ആർസിബി ജയിച്ചു കയറിയത്. ബംഗളൂരുവിന്റെ തുടർച്ചയായ അഞ്ചാം ജയമായിരുന്നു. സ്കോർ: ബംഗളൂരു 187-9 (20), ഡൽഹി 140-10 (19.1).
ടോസ് നേടിയ ഡൽഹി ക്യാപ്പിറ്റൽസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വിലക്കിനെത്തുടർന്ന് ഋഷഭ് പന്ത് മത്സരത്തിൽ ഇറങ്ങിയില്ല. പകരം അക്സർ പട്ടേലാണ് ടീമിനെ നയിച്ചത്. ആർസിബിയുടെ തുടക്കം പതുക്കെയായിരുന്നു.
3.4 ഓവറിൽ 36 റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണർമാരായ ഡുപ്ലെസിയും (6), വിരാട് കോഹ്ലിയും (27) പുറത്തായി. പിന്നീട് വിൽ ജാക്ക് (29 പന്തിൽ 41), രജത് പാട്ടിദാർ (32 പന്തിൽ 52), കാമറൂണ്‍ ഗ്രീൻ (24 പന്തിൽ 32 നോട്ടൗട്ട്) എന്നിവരുടെ പോരാട്ടമാണ് ബംഗളൂരുവിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്.
മറുപടി ബാറ്റിംഗിംനിറങ്ങിയ ഡൽഹിക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ ഡേവിഡ് വാർണറെ (8) നഷ്ടമായി. നായകൻ അക്സർ പട്ടേലിന്റെ അർധ സെഞ്ചുറിയാണ് ഡൽഹിയെ വലിയ തകർച്ചയിൽനിന്നും രക്ഷിച്ചത്. ജേക്ക് ഫ്രേസർ മക്ഗുർക്ക് (21), ഷായി ഹോപ്പ് (29), അക്സർ പട്ടേൽ (57), റാസിഖ് ദാർ സലാം (10) എന്നിവർക്കുമാത്രമാണ് ഡൽഹി നിരയിൽ രണ്ടക്കം കാണാൻ കഴിഞ്ഞത്.
ബംഗളൂരുവിനായി യാഷ് ദയാൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ലോക്കി ഫെർഗൂസണ് രണ്ട് വിക്കറ്റും നേടി. ജയത്തോടെ ബംഗളൂരു 12 പോയിന്റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. 12 പോയിന്റുള്ള ഡൽഹി ആറാം സ്ഥാനത്താണ്.