രാജസ്ഥാനു തുടർച്ചയായ മൂന്നാം തോൽവി; പ്ലേ ഓഫ് സാധ്യത നിലനിർത്തി ചെന്നൈ
Sunday, May 12, 2024 7:37 PM IST
ചെന്നൈ: ഐപിഎൽ ട്വന്റി 20 ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിംഗ്സിന് ജയം. രാജസ്ഥാൻ റോയൽസിനെ അഞ്ച് വിക്കറ്റിനാണ് ചെന്നൈ കീഴടക്കിയത്. ഇതോടെ ചെന്നൈ പ്ലേ ഓഫ് സാധ്യത നിലനിർത്തി. അതേസമയം പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ രാജസ്ഥാന് തോൽവി തിരിച്ചടിയായി. തുടർച്ചയായ മൂന്നാം തോൽവിയായിരുന്നു രാജസ്ഥാന്റേത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 141 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 35 പന്തിൽ പുറത്താകാതെ 47 റണ്‍സെടുത്ത റിയാൻ പരാഗാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. യശ്വസി ജയ്വാൾ (24), ജോസ് ബട്ലർ (21), സഞ്ജു സാംസണ് (15), ധ്രുവ് ജുറൽ (28) എന്നിവർക്കാർക്കും തിളങ്ങാനായില്ല.
ചെന്നൈയ്ക്കായി സിമർജീത് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി. തുഷാർ ദേശ്പാണ്ഡെ രണ്ട് വിക്കറ്റും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ 18.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 145 റണ്‍സുമായി ലക്ഷ്യം മറികടന്നു.
നായകൻ ഋതുരാജ് ഗെയ്വാദിന്റെ മികച്ച പ്രകടനമാണ് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചത്. ഋതുരാജ് ഗെയ്വാദ് പുറത്താകാതെ 41 പന്തിൽ 42 റണ്‍സെടുത്തു. രചിൻ രവീന്ദ്ര 18 പന്തിൽ 27 റണ്‍സും ഡാരൽ മിച്ചൽ 13 പന്തിൽ 22 റണ്‍സും നേടി. ശിവം ദുംബെ 18 റണ്‍സെടുത്തു. സമീർ റിസ്വി പുറത്താകാതെ എട്ട് പന്തിൽ 15 റണ്‍സ് നേടി.
ജയത്തോട ചെന്നൈ പോയിന്റ് പട്ടികയിൽ 14 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. 16 പോയിന്റുള്ള രാജസ്ഥാൻ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.