കോൽക്കത്ത പ്ലേ ഓഫിൽ
Sunday, May 12, 2024 1:17 AM IST
കോൽക്കത്ത: ഐപിഎല്ലിൽ ട്വന്റി20 ക്രിക്കറ്റിൽ പ്ലേ ഓഫ് യോഗ്യത നേടി കോൽക്കത്ത നൈറ്റ് റൈഡേഴ്സ്. മുംബൈ ഇന്ത്യൻസിനെ 18 റണ്‍സിനു കീഴടക്കിയാണ് കോൽക്കത്ത പ്ലേ ഓഫ് ഉറപ്പിച്ചത്.
മഴയെത്തുടർന്ന് 16 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കോൽക്കത്ത ഏഴ് വിക്കറ്റ് നഷ്ടത്തിൽ 157 റണ്‍സ് നേടി. 10 റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്നു കോൽക്കത്ത മത്സരത്തിലേക്ക് തിരിച്ചെത്തിയത്.
കോൽക്കത്തയ്ക്കു വേണ്ടി വെങ്കിടേഷ് അയ്യർ (21 പന്തിൽ 42) ടോപ് സ്കോറർ ആയി. നിതീഷ് റാണ (23 പന്തിൽ 33), ആന്ദ്രേ റസൽ (14 പന്തിൽ 24), റിങ്കു സിംഗ് (12 പന്തിൽ 20) എന്നിവരും കെകെആറിനായി ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചു. മുംബൈക്കു വേണ്ടി ജസ്പ്രീത് ബുംറയും പിയൂഷ് ചൗളയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്കായി ഓപ്പണറുമാരായ ഇഷാൻ കിഷനും രോഹിത്ത് ശർമയും ചേർന്ന് മികച്ച തുടക്കമാണ് കുറിച്ചത്. ഇരുവരും ചേർന്ന് 65 റണ്‍സാണ് നേടിയത്.
തകർത്തടിച്ച ഇഷാൻ കിഷന്റെ (22 പന്തിൽ 40) വിക്കറ്റ് വീഴ്ത്തി സുനിൽ നരെയ്ൻ ഈ കൂട്ടുക്കെട്ട് തർത്തു. ഇതോടെ മുംബൈയുടെ പതനവും ആരംഭിച്ചു. പിന്നാലെ രോഹിത് ശർമയും (24 പന്തിൽ 19) മടങ്ങി. സൂര്യകുമാർ യാദവും (14 പന്തിൽ 11) വേഗം പവലിയൻ കയറി.
തിലക് വർമ 17 പന്തിൽ 32 റണ്‍സും നേടി. നമൻ ധിർ 17 റണ്‍സും നേടി. മറ്റാർക്കും രണ്ടക്കം കാണാൻ പോലും കഴിഞ്ഞില്ല. ഇതോടെ മുംബൈയുടെ പോരാട്ടം 16 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 139 റണ്‍സിൽ അവസാനിച്ചു.
കെകെആറിനായി ഹർഷിത് റാണയും വരുണ്‍ ചക്രവർത്തിയും ആന്ദ്രേ റസലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.