നിജ്ജറിന്റെ കൊലപാതകം; കാനഡ കൂടുതൽ വിവരങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി എസ്. ജയശങ്കര്‍
Sunday, May 5, 2024 9:43 PM IST
ന്യൂഡല്‍ഹി: ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായും വ്യക്തതക്കായും കാത്തിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. കനേഡിയൻ പോലീസ് ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
അറസ്റ്റിലായവര്‍ ഗുണ്ടാപശ്ചാത്തലമുള്ളവരാണെന്ന് സംശയിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി കാനഡയില്‍ സ്ഥിര താമസമാക്കിയവരാണ് പ്രതികള്‍. കൊലപാതകത്തിന് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന കാനഡയില്‍ സംഭവിക്കുന്നത് അവരുടെ ആഭ്യന്തര രാഷ്ട്രീയം മൂലമാണെന്നും മന്ത്രി പറഞ്ഞു.
നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയിൽ മൂന്ന് ഇന്ത്യക്കാർ അറസ്റ്റിലായിരുന്നു. കരണ്‍പ്രീത് സിംഗ് (28), കമല്‍പ്രീത് സിംഗ് (22), കരണ്‍ ബ്രാര്‍ (22) എന്നിവരാണ് അറസ്റ്റിലായത്. കൊലക്കുറ്റം, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിട്ടുള്ളത്.
കൊലപാതകത്തിനു പിന്നിൽ ഇന്ത്യയാണെന്നായിരുന്നു കാനഡയുടെ ആദ്യ നിലപാട്. ഇപ്പോൾ അറസ്റ്റിലായവർക്ക് ഇന്ത്യാ ഗവൺമെന്റുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്നും കനേഡിയൻ പോലീസ് അറിയിച്ചിരുന്നു.
ബ്രിട്ടീഷ് കൊളംബിയയിലെ മുതിര്‍ന്ന ഖലിസ്ഥാന്‍ നേതാക്കളില്‍ ഒരാളാണ് ഹര്‍ദീപ് സിംഗ് നിജ്ജര്‍. ഖലിസ്ഥാന്‍ വാദിയായ ഹര്‍ദീപ് സിംഗ് നിജ്ജര്‍ 2023 ജൂണ്‍ 18നാണ് ഗുരുദ്വാരയ്ക്ക് പുറത്ത് വെടിയേറ്റ് മരിച്ചത്.