കരുവന്നൂർ കള്ളപ്പണ കേസ്: എം.എം. വർഗീസ് ഇന്നും ഹാജരായില്ല
Wednesday, May 1, 2024 2:54 PM IST
കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ഇന്നും ഹാജരായില്ല. ഇന്ന് വീണ്ടും ഹാജരാകാനായിരുന്നു ഇഡി നിർദേശം.
തിങ്കളാഴ്ച ഒമ്പത് മണിക്കൂര്‍ ചോദ്യംചെയ്ത ശേഷമാണ് വര്‍ഗീസിനെ ഇഡി വിട്ടയച്ചത്. പിന്നാലെ മേയ് ഒന്നിന് ഹാജരാകണമെന്ന് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിനു പിന്നാലെ തുടര്‍ച്ചയായി നോട്ടീസ് നല്കി ഇഡി ബുദ്ധിമുട്ടിക്കുകയാണെന്നും ബുധനാഴ്ച തൊഴിലാളി ദിനമായതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നും വർഗീസ് അറിയിക്കുകയായിരുന്നു.
ഈ മാസം 22ന് ഹാജരാകാന്‍ ഇഡി വര്‍ഗീസിന് സമന്‍സ് നല്‍കിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടം ആയതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് മറുപടി നല്‍കിയിരുന്നു. തൊട്ടടുത്ത ദിവസങ്ങളിലും നോട്ടീസ് നല്‍കിയെങ്കിലും വര്‍ഗീസ് ഹാജരായിരുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ തിങ്കളാഴ്ച ഹാജരാകുകയായിരുന്നു.
സിപിഎമ്മിന്റെ സ്വത്ത് വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജരാക്കാനാണ് വര്‍ഗീസിനോട് ഇഡി നിര്‍ദേശിച്ചിരുന്നത്. ജില്ലയില്‍ പാര്‍ട്ടിയുടെ വിവിധ കമ്മറ്റികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഇഡി ആവശ്യപ്പെട്ടിരുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് ബെനാമി വായ്പകള്‍ വഴി തട്ടിയെടുത്ത പണത്തിന്റെ പങ്ക് ഈ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്.
കേസില്‍ മുന്‍ എംപിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി.കെ. ബിജുവിനെയും ഇഡി അടുത്തിടെ ചോദ്യം ചെയ്തിരുന്നു. കരുവന്നൂരില്‍ രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഒപ്പം തൃശൂരിലെ മറ്റു ചില ബാങ്കുകളിലും അക്കൗണ്ടുകളുണ്ട് എന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്.