മുംബൈയ്ക്കു വീണ്ടും തോൽവി; ഡൽഹിക്കു ജയം
Saturday, April 27, 2024 8:05 PM IST
ന്യൂഡൽഹി: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വീണ്ടും തോൽവി. ഡൽഹി ക്യാപിറ്റൽസിനോട് പത്ത് റണ്‍സിനാണ് മുംബൈ തോൽവി വഴങ്ങിയത്. സ്കോർ: ഡൽഹി 257-4 (20), മുംബൈ 247-9 (20).
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്കായി ഓപ്പണറുമാരായ ജെയ്ക് ഫ്രേസർ മക്ഗുർക്കും അഭിഷേക് പോരെലും തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. ജെയ്ക് 27 പന്തിൽ ആറ് സിക്സും 11 ഫോറും ഉൾപ്പെടെ 84 റണ്‍സാണ് അടിച്ചെടുത്തത്.
അഭിഷേക് 27 പന്തിൽ 36 റണ്‍സ് നേടി. ഇരുവരും ചേർന്ന് 7.3 ഓവറിൽ 114 റണ്‍സാണ് നേടിയത്. ഡൽഹിക്കായി ഷായി ഹോപ്പ് (41), ഋഷഭ് പന്ത് (29), ട്രിസ്റ്റൻ സ്റ്റബ്സ് (48) എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് തുടക്കത്തിൽ തന്നെ രോഹിത് ശർമ്മയെ (8) നഷ്ടമായി. പിന്നാലെ ഇഷാൻ കിഷനും (20) പവലിയൻ കയറി. സൂര്യകുമാർ യാദവിനും (26) വെടിക്കെട്ടിന് തിരികൊളുത്താനായില്ല.
തിലക് വർമയ്ക്കും (63) ഹാർദിക് പാണ്ഡ്യയ്ക്കും (46) ടിം ഡേവിഡിനും (37) മാത്രമാണ് മുംബൈ നിരയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാനായത്.
ഡൽഹിക്കായി റാസിഖ് ദാർ സലാമും മുകേഷ് കുമാറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റും നേടി.
ഒൻപത് മത്സരങ്ങളിൽ മൂന്ന് ജയം മാത്രമുള്ള മുംബൈ പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. പത്ത് പോയിന്റുള്ള ഡൽഹി അഞ്ചാം സ്ഥാനത്താണ്.