ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയ്ക്ക് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി
Monday, April 22, 2024 2:18 PM IST
ന്യൂഡല്‍ഹി: തിരുവനന്തപുരം നെയ്യാറ്റിന്‍കര ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി. കേസിലെ അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കണം എന്ന ആവശ്യം കോടതി തള്ളി. ജസ്റ്റീസ് വിക്രം നാഥ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ നിയമപരമായ അധികാരമില്ലെന്നായിരുന്നു ഗ്രീഷ്മയുടെ വാദം. സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്കേ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ കഴിയൂ എന്നാണ് ഹര്‍ജി ചൂണ്ടിക്കാട്ടിയത്.
എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല. ഗ്രീഷ്മയ്ക്കായി അഭിഭാഷകരായ ശ്രീറാം പാറക്കാട്ട് വിഷ്ണു ശങ്കര്‍ ചിത്ര എന്നിവരാണ് ഹാജരായത്. നേരത്തെ സമാന ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു.
കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ കഷായത്തില്‍ വിഷം ചേര്‍ത്ത് നല്കി കൊലപ്പെടുത്തി എന്നതാണ് കേസ്. 2022 ഒക്ടോബര്‍ 14ന് ഗ്രീഷ്മ തമിഴ്നാട് പളുകലിലുള്ള വീട്ടില്‍ വച്ച് ഷാരോണിന് കഷായത്തില്‍ വിഷം കലക്കി നല്‍കിയെന്നാണ് പോലീസിന്റെ കുറ്റപത്രം. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 25ന് മരിച്ചു.
പാറശാല പോലീസ് സാധാരണ മരണമെന്ന നിഗമനത്തിലെത്തിയ കേസ് പിന്നീട് പ്രത്യേക സംഘം കൊലപാതകമെന്ന് തെളിയിക്കുകയായിരുന്നു. കാര്‍പിക് എന്ന കളനാശിനിയാണ് ഷാരോണിന്റെ ഉള്ളില്‍ ചെന്നതെന്ന ഫൊറന്‍സിക് ഡോക്ടറുടെ മൊഴി നിര്‍ണായകമായി. തെളിവെടുപ്പിനിടെ വിഷം നല്കിയ കുപ്പി വീടിന് സമീപത്തുള്ള സ്ഥലത്ത് നിന്നും കണ്ടെടുത്തിരുന്നു.