മാസപ്പടി കേസ്; സിഎംആര്‍എല്‍ എംഡിയെ ഇഡി വീണ്ടും ചോദ്യം ചെയ്യും
Saturday, April 20, 2024 3:33 PM IST
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയൻ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയെ ഇഡി വീണ്ടും ചോദ്യം ചെയ്യും. വീണാ വിജയനുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ കൃത്യമായ മറുപടി കിട്ടാത്ത സാഹചര്യത്തിലാണ് തീരുമാനം.
കേസില്‍ രണ്ട് തവണ സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്ന കര്‍ത്തയെ ഇഡി കഴിഞ്ഞ ദിവസം വീട്ടിലെത്തിയാണ് ചോദ്യം ചെയ്തത്. കട്ടിലില്‍ കിടന്നുകൊണ്ടാണ് കര്‍ത്ത ഇഡിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. എന്നാല്‍ വീണയുമായും എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കിയിരുന്നില്ല.
ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നും ഓര്മക്കുറവുണ്ടെന്നുമായിരുന്നു ചില ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. മൊഴിയില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടെങ്കിലും കര്‍ത്ത തയാറായിരുന്നില്ല. തുടര്‍ന്ന് വിരലടയാളം പതിപ്പിച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.