മാസപ്പടി കേസ്; സിഎംആര്‍എല്‍ ചീഫ് ജനറല്‍ മാനേജറും മുന്‍ കാഷ്യറും ചോദ്യം ചെയ്യലിന് ഹാജരായി
Thursday, April 18, 2024 11:28 AM IST
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസില്‍ സിഎംആര്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ പി.സുരേഷ് കുമാര്‍, മുൻ കാഷ്യര്‍ വാസുദേവന്‍ എന്നിവര്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഇത് രണ്ടാം തവണയാണ് ഇരുവരും ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്.
സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ ഇടപാടില്‍ കരാറിന് നേതൃത്വം കൊടുത്തത് പി.സുരേഷ് കുമാറാണ്. ഈ സാഹചര്യത്തിലാണ് ഇയാളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.കമ്പനിയുടെ പണമിടപാട് സംബന്ധിച്ച കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്ന ഉദ്യോഗസ്ഥനായതിനാലാണ് വാസുദേവനെ ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ ദിവസം വൈകിട്ട് ഇരുവരെയും ചോദ്യം ചെയ്തെങ്കിലും എക്സാലോജിക്കുമായി ബന്ധപ്പെട്ട കരാറിന്റെ വിശദാംശങ്ങള്‍ നല്കാന് കഴിയില്ലെന്നായിരുന്നു മറുപടി. ഇതോടെ രേഖകളുമായി വീണ്ടും ഹാജരാകാന്‍ ഇഡി നിര്‍ദേശം നല്‍കുകയായിരുന്നു.
അതേസമയം കേസിൽ സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയെ ഇഡി സംഘം ആലുവിലെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. കരാറുമായി ബന്ധപ്പെട്ട ചില രേഖകളുടെ പകര്‍പ്പ് ഇഡി ഇവിടെനിന്ന് ശേഖരിച്ചിട്ടുണ്ട്. ഇത് വിശകലനം ചെയ്ത ശേഷമാകും തുടര്‍നടപടി.