ലെബനനിൽ ഇസ്രയേലി വ്യോമാക്രമണം; മൂന്ന് ഹിസ്ബുള്ള പ്രവർത്തകർ കൊല്ലപ്പെട്ടു
Wednesday, April 17, 2024 6:07 AM IST
ടെൽ അവീവ്: ചൊവ്വാഴ്ച തെക്കൻ ലെബനനിൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് കമാൻഡർമാർ ഉൾപ്പെടെ മൂന്ന് ഹിസ്ബുള്ള പ്രവർത്തകർ കൊല്ലപ്പെട്ടതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) അറിയിച്ചു,
ഐഡിഎഫ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, റഡ്വാൻ സേനയുടെ പടിഞ്ഞാറൻ മേഖലയിലെ റോക്കറ്റ് ആന്റ് മിസൈൽ യൂണിറ്റിന്റെ കമാൻഡർ മുഹമ്മദ് ഹുസൈൻ ഷാഹൗരി തെക്കൻ ലെബനനിലെ ക്ഫാർ ഡൗണിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.
മുഹമ്മദ്, ലെബനന്റെ മധ്യ, പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്ന് ഇസ്രയേലി പ്രദേശത്തേക്ക് റോക്കറ്റ്, മിസൈൽ വിക്ഷേപണങ്ങൾ ആസൂത്രണം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് ഐഡിഎഫ് വ്യക്തമാക്കി.
ഹിസ്ബുള്ളയുടെ റോക്കറ്റ് ആന്റ് മിസൈൽ യൂണിറ്റിലെ ഒരു പ്രവർത്തകൻ മഹമൂദ് ഇബ്രാഹിം ഫദ്ലല്ലയും അതേ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. തെക്കൻ ലെബനനിലെ വ്യോമാക്രമണത്തിൽ ലെബനനിലെ ഐൻ എബൽ പ്രദേശത്ത് ഹിസ്ബുള്ളയുടെ തീരദേശ മേഖലയുടെ കമാൻഡർ ഇസ്മായിൽ യൂസഫ് ബാസ് കൊല്ലപ്പെട്ടതായി ഐഡിഎഫ് നേരത്തെ ഒരു പ്രത്യേക പ്രസ്താവനയിൽ പ്രഖ്യാപിച്ചിരുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
മൂന്ന് പേരുടെയും മരണം ഹിസ്ബുള്ളയും സ്ഥിരീകരിച്ചു. എന്നാൽ, അവരുടെ റാങ്കുകളെ കുറിച്ചോ അവരുടെ മരണ കാരണങ്ങളെ കുറിച്ചോ ഉള്ള വിശദാംശങ്ങൾ അതിൽ പരാമർശിച്ചിട്ടില്ല.