ചാലക്കുടി പുഴയോരത്ത് മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തി
Tuesday, April 16, 2024 7:56 PM IST
തൃശൂർ: ചാലക്കുടി പുഴയോരത്ത് മുട്ട വിരിഞ്ഞ് പുറത്തിറങ്ങിയ മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തി. അതിരപ്പള്ളിയിലാണ് സംഭവം.
ചാലക്കുടി പുഴയിൽ മുതലകളുടെ സാന്നിധ്യം ഉണ്ടെങ്കിലും കുഞ്ഞുങ്ങളുടെ കണ്ടെത്തുന്നത് ഇതാദ്യമായിട്ടാണ്. നാല് മുതലകുഞ്ഞുങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
പരിശോധനയിൽ സമീപത്ത് നിന്ന് മുട്ടത്തോടും കണ്ടെത്തിയിട്ടുണ്ട്. മുതലക്കുഞ്ഞുങ്ങൾ മുട്ട വിരിഞ്ഞ് പുറത്തിറങ്ങിയിട്ട് അധികം ദിവസം ആയിട്ടില്ലെന്നാണ് നിഗമനം.
നേരത്തെയും പ്രദേശത്ത് മുതലയുടെ സാനിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ജനവാസ മേഖലയോട് ചേർന്ന പ്രദേശത്താണ് മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തിയിരിക്കുന്നത്.
പ്രദേശത്ത് കൂടുതൽ മുതലകളുടെ സാന്നിധ്യം കണ്ടെത്തുന്നത് ജനങ്ങൾക്കിടയിൽ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ജിലേഷ് ചന്ദ്രനാണ് മുട്ട വിരിഞ്ഞിറങ്ങിയ മുതല കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയത് .