പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയയെത്തുടര്‍ന്ന് യുവതി മരിച്ചു; പരാതിയുമായി ബന്ധുക്കള്‍
Wednesday, April 10, 2024 2:16 PM IST
തൃശൂര്‍: പ്രസവം നിര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയയെത്തുടര്‍ന്ന് യുവതി മരിച്ചു. മാള പാറപ്പുറം ചക്കിയത്ത് സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്.
ഒന്‍പത് ദിവസം മുന്‍പ് പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം തിങ്കളാഴ്ചയാണ് ചാലക്കുടിയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയത്. അബോധാവസ്ഥയിലായതിനെ തുടർന്ന് നീതുവിനെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അനസ്തേഷ്യ നല്‍കിയതിലെ അപാകമാണ് മരണത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ ചാലക്കുടി പോലീസിന് പരാതി നൽകി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ചികിത്സാ രേഖകൾ പരിശോധിക്കുകയാണ്.
മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും. നീതുവിന് മറ്റു രണ്ട് കുട്ടികളുണ്ട്.