യുഡിഎഫിന് ആശ്വാസം; ഫ്രാൻസിസ് ജോർജിന്റെ അപരൻമാരുടെ പത്രിക തള്ളി
Friday, April 5, 2024 5:35 PM IST
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ച ഫ്രാൻസിസ് ജോർജിന്റെ അപരൻമാരുടെ പത്രിക തള്ളി. പത്രികകളുമായി ബന്ധപ്പെട്ട യുഡിഎഫ് വാദങ്ങൾ വരണാധികാരി അംഗീകരിക്കുകയായിരുന്നു.
ഫ്രാൻസിസ് ജോർജ്, ഫ്രാൻസിസ് ഇ.ജോർജ് എന്നിവരുടെ പത്രികകളാണ് തള്ളിയത്. സിപിഎം പാറത്തോട് ലോക്കൽ കമ്മിറ്റി അംഗം ഫ്രാൻസിസ് ജോര്‍ജും കേരളാ കോൺഗ്രസ്(എം) ജില്ലാ കമ്മിറ്റിയംഗം ഫ്രാൻസിസ് ജോര്‍ജുമാണ് പത്രിക സമര്‍പ്പിച്ചത്. അപരന്മാരുടെ പത്രികയിൽ പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമായി ഇട്ടതാണ് എന്നായിരുന്നു യുഡിഎഫിന്റെ പരാതി.
പത്രിക പൂർണമായും പൂരിപ്പിച്ചിട്ടില്ലെന്നും പരാതിയിലുണ്ടായിരുന്നു. തുടര്‍ന്ന് പത്രികയിൽ ഒപ്പിട്ടവരെ നേരിട്ട് ഹാജരാക്കാൻ അപരന്മാർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകുകയായിരുന്നു.