ദമ്പതികളുടെയും യുവതിയുടെയും മരണം: അന്യഗ്രഹ ജീവികളെ ഇന്റർനെറ്റിൽ തെരഞ്ഞു
Thursday, April 4, 2024 8:00 PM IST
തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ മലയാളികളായ ദമ്പതികളും യുവതിയും മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. കോട്ടയം മീടനം സ്വദേശികളും ദമ്പതികളുമായ നവീന്‍ (39), ദേവി (39), വട്ടിയൂര്‍ക്കാവ് മേലത്തുമേലെ സ്വദേശിനി ആര്യ നായര്‍ (27) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് അരുണാചലിലേക്ക് പോയ പ്രത്യേക അന്വേഷണസംഘം തിരുവനന്തപുരത്ത് തിരിച്ചെത്തി.
അതേസമയം നവീനും ഭാര്യ ദേവിയുംഅന്യഗ്രഹ ജീവികളെക്കുറിച്ചും അന്യഗ്രഹങ്ങളിലെ ജീവിതത്തെക്കുറിച്ചും ഇന്റർനെറ്റിൽ തെരഞ്ഞെതിന്റെ സൂചനകളും ലഭിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ പ്രതിപാദിക്കുന്ന ആയിരക്കണക്കിന് പേജുകൾ ലാപ്ടോപ്പിൽ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. മരണാനന്തരം അന്യഗ്രഹങ്ങളിൽ എത്തുമോയെന്ന വിവരങ്ങളും ഇവർ തെരഞ്ഞിട്ടുണ്ട്.
അരുണാചലിലെ ഹോട്ടലില്‍ മുറിയെടുത്ത മൂവരും ശരീരത്തില്‍ ആഴത്തിലുള്ള മുറിവേറ്റ് രക്തം വാര്‍ന്നാണ് മരണപ്പെട്ടിരിക്കുന്നത്. മരണശേഷം പുതിയൊരു ലോകത്തെത്താമെന്ന അദമ്യമായ ആഗ്രഹത്താലുള്ള ആത്മഹത്യയാണോയെന്ന് അന്വേഷിക്കുന്നതായി വട്ടിയൂര്‍ക്കാവ് പോലീസ് പറയുന്നു. അന്വേഷണ സംഘത്തിന്റെ പരിശോധനയില്‍ ഒരു ഡയറിയും ആത്മഹത്യാക്കുറിപ്പുമാണ് കണ്ടെത്താനായത്.
അതേസമയം സിഡികളോ പെന്‍ഡ്രൈവുകളോ ഒന്നുംതന്നെ മുറിയില്‍ ഉണ്ടായിരുന്നില്ല. മൂവരുടെയും മൃതദേഹങ്ങള്‍ ഇന്ന് ഉച്ചതിരിഞ്ഞ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കും. തുടര്‍ന്ന് സ്വദേശങ്ങളിലേക്കു കൊണ്ടുപോകും.
മരണത്തിനു പിന്നിൽ ബ്ലാക് മാജിക് ആണെന്ന റിപ്പോർട്ടുകൾ തുടക്കം മുതലേ ഉണ്ടായിരുന്നു. നവീനിന്റെയും ദേവിയുടെയും ആര്യയുടെയും മൃതദേഹങ്ങള്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് കണ്ടെടുക്കുമ്പോള്‍ മൂവരുടെയും കൈത്തണ്ട മുറിച്ചനിലയിലായിരുന്നു. ദേവിയും ആര്യയും കറുത്ത കല്ല് പതിച്ച കൈവള ധരിച്ചിരുന്നു.
മുറിയില്‍ ആഭിചാരക്രിയ നടത്തുമ്പോള്‍ അണിഞ്ഞ ആഭരണങ്ങളില്‍ ഒന്നാകാം ഇതെന്നാണ് പൊലീസ് കരുതുന്നത്. ശരീരത്തില്‍ മുറിവുണ്ടാക്കാന്‍ ഉപയോഗിച്ച മൂന്ന് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ റേസര്‍ ബ്ലേഡുകളും കണ്ടെടുത്തിട്ടുണ്ട്. വെവ്വേറെ ബ്ലേഡുകള് ഉപയോഗിച്ചാണ് മുറിവ് ഉണ്ടാക്കിയിരിക്കുന്നത്.
അതേസമയം കൊലപാതക സാധ്യതയും പോലീസ് തള്ളുന്നില്ല. ആ രീതിയിലുള്ള അന്വേഷണവും പോലീസ് നടത്തുന്നുണ്ട്. ഭാര്യ ദേവിയുടെയും സുഹൃത്ത് ആര്യയുടെയും കൈ ഞരമ്പ് മുറിച്ച ശേഷം നവീൻ ജീവനൊടുക്കിയതാണോയെന്നാണ് അന്വേഷിക്കുന്നത്.
ചൊവ്വാഴ്ചയാണ് മൂവരെയും അരുണാചൽപ്രദേശിലെ സീറോ ലോവർ സുബാൻസിരി ബ്ലൂപൈൻ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.