എസ്എൻഡിപി പതാക അഴിപ്പിച്ചു; മുഖ്യമന്ത്രിക്ക് പരാതി
Thursday, April 4, 2024 2:51 PM IST
കണ്ണൂർ: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ചൂണ്ടിക്കാട്ടി പോലീസും റവന്യു ഉദ്യോഗസ്ഥരും സംയുക്തമായി പാതയോരത്തെ എസ്എൻഡിപി കൊടിമരത്തിൽനിന്ന് പതാക അഴിപ്പിച്ചതിൽ പരാതി. കണ്ണൂർ സെൻട്രൽ ജയിലിനു സമീപം ഇടച്ചേരി വയൽ ഒറ്റപ്പീടികയിലെ എസ്എൻഡിപി പതാകയാണ് സ്ക്വാഡിലെ പോലീസ് ഉദ്യോഗസ്ഥൻ അഴിപ്പിച്ചത്.
തെരഞ്ഞെടുപ്പുമായി ഒരു ബന്ധവുമില്ലാത്ത എസ്എൻഡിപി പതാക എന്തിനാണ് അഴിക്കുന്നതെന്ന് ചോദിച്ച മുതിർന്ന പൗരനോട് തട്ടിക്കയറിയതായും ആക്ഷേപമുണ്ട്. കളക്ടറുടെ നിർദേശാനുസരണമാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാദം.
തടസം നിന്നാൽ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ വകുപ്പ് ചുമത്തി ജയിലിലാക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായും പറയുന്നു. പോലീസിന്റെ മോശമായ പെരുമാറ്റം സംബന്ധിച്ച് പൊതുപ്രവർത്തകനായ എം. പ്രശാന്ത് ബാബു മുഖ്യമന്ത്രിക്ക് പരാതി നൽകി.